റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് വുനുക്കോവോ ഉൾപ്പെടെ മൂന്ന് പ്രധാന വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ആക്രമണങ്ങളെ ചെറുത്തതായി അധികൃതർ അവകാശപ്പെട്ടു
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് മോസ്കോയിലെ വിമാനത്താവളങ്ങൾ അടച്ചു. മോസ്കോയിലെ നാല് വിമാനത്താവളങ്ങളിൽ മൂന്നെണ്ണം അടച്ചതായാണ് റിപ്പോർട്ട്. മോസ്കോയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ വുനുക്കോവോയിൽ യുക്രൈൻ ആക്രമണത്തെ തുടർന്ന് വിമാനങ്ങൾ വൈകി. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് സർവീസുകൾ നിർത്തിയതെന്ന് റഷ്യൻ വ്യോമയാന റെഗുലേറ്ററായ റോസാവിയറ്റ്സിയയുടെ വക്താവ് അറിയിച്ചു.
ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കും നാല് മണിക്കും ഇടയിലാണ് സർവീസ് നിർത്തിവച്ചത്. വ്നുക്കോവോ, ഡൊമോഡെഡോവോ, സുക്കോവ്സ്കി എന്നീ വിമാനത്താവളങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഭാഗികമായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. നാല് വർഷമായി നടക്കുന്ന ഏറ്റുമുട്ടലിൽ റഷ്യയെ വിറപ്പിച്ച സൈനിക നീക്കമാണ് യുക്രൈൻ നടത്തിയത്.
ഇന്നലെ മാത്രം റഷ്യയിലേക്ക് 27 ഡ്രോണുകൾ യുക്രൈൻ തൊടുത്തിവിട്ടുവെന്നാണ് വിവരം. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഈ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തെന്ന് മോസ്കോ മേയർ സെർജി സോബിയാൻ പറയുന്നു. പിന്നാലെ യുക്രൈൻ വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ അമേരിക്ക വിലക്കേർപ്പെടുത്തി. യുക്രൈൻ അതിർത്തിയിലെ റഷ്യൻ ഗ്രാമമായ ബെൽഗെറോഡിൽ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി വിവരമുണ്ട്.


