മെയ് 15 ന് മുൻപ് ചർച്ചകൾ ആരംഭിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമമെന്നും പുടിൻ പറഞ്ഞു

മോസ്ക്കോ: ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ വെടിനിർത്തൽ ധാരണയായതിന് പിന്നാലെ റഷ്യ - യുക്രൈൻ യുദ്ധത്തിലും സമാധാന സന്ദേശം എത്തി. യുക്രൈനുമായി നേരിട്ടുള്ള ചർച്ചകള്‍ക്ക് സമ്മതമറിയിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ തന്നെ രംഗത്തെത്തിയത്. സമാധാനം പുനസ്ഥാപിക്കാനാണ് ശ്രമമെന്ന് രാത്രി വൈകി നടത്തിയ ടെലിവിഷൻ അഭിസംബോധനയിൽ പുടിൻ വ്യക്തമാക്കി.യൂറോപ്യൻ യൂണിയൻ നേതാക്കൾ യുക്രൈൻ സന്ദർശിച്ചതിന് പിന്നാലെയാണ് പുടിൻ തീരുമാനം പ്രഖ്യാപിച്ചത്. ഈ മാസം 15 ന് മുൻപായി ചർച്ചകള്‍ക്ക് തുടക്കമാകുമെന്നും യുക്രൈനും റഷ്യക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാനുള്ള ചർച്ചകള്‍ക്കാണ് ശ്രമിക്കുന്നതെന്നും ടെലിവിഷൻ അഭിസംബോധനയിലൂടെ പുടിൻ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം ഇത് വരെ റഷ്യ മുന്നോട്ട് വെച്ച ഒരു വെടി നിർത്തൽ കരാറുകളോടും യുക്രൈൻ പ്രതികരിച്ചിട്ടില്ലെന്നും പുടിൻ കുറ്റപ്പെടുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണും യുക്രൈൻ സന്ദർശിച്ച് വെടി നിർത്തൽ കരാറിന് റഷ്യ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുടിന്‍റെ പ്രഖ്യാപനം. എന്നാൽ പുടിന്‍റെ പ്രഖ്യാപനത്തോട് യുക്രൈൻ ഇത് വരെ പ്രതികരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കശ്മീരിന്‍റെ കാര്യത്തിൽ ആരും മധ്യവസ്ഥത വഹിക്കാൻ തയ്യാറാണെന്ന യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിർദ്ദേശത്തോട് താൽപ്പര്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ തർക്കത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ട്രംപ് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിന്‍റെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുകയും അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയുടെ ഇക്കാര്യത്തില്‍ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. "കശ്മീരിനെക്കുറിച്ച് ഞങ്ങൾക്ക് വളരെ വ്യക്തമായ നിലപാടുണ്ട്. ഒരേയൊരു കാര്യം മാത്രമേ ബാക്കിയുള്ളൂ. പാക് അധീന കശ്മീര്‍ (പിഒകെ) തിരികെവേണം. മറ്റൊന്നും സംസാരിക്കാനില്ല. ഭീകരരെ കൈമാറുന്നതിനെക്കുറിച്ച് അവർ സംസാരിക്കുകയാണെങ്കിൽ, അതിലും ചര്‍ച്ചയാകാം. ആരും മധ്യസ്ഥത വഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ആരുടെയെങ്കിലും മധ്യസ്ഥത ഞങ്ങൾക്ക് ആവശ്യമില്ല" - കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായത് എന്ന രീതിയിലാണ് ട്രംപിന്‍റെ പ്രതികരണങ്ങളെല്ലാം വന്നത്. കശ്മീർ പ്രശ്നത്തിൽ ഇടപെടാനും തയ്യാറാണെന്നാണ് ട്രംപ് പറയുന്നത്. വെടിനിർത്തൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി കൃത്യമായി നേരത്തെ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നതാണ്. അത് തന്നെയാണ് ട്രംപ് വീണ്ടും ആവർത്തിക്കുന്നത്. സമാധാനം പുലരാൻ പ്രയത്നിച്ച രണ്ട് രാഷ്ട്ര തലവന്മാർക്കും അഭിനന്ദനം അറിയിച്ച് കൊണ്ടാണ് ട്രംപിന്റെ കുറിപ്പ് തുടങ്ങുന്നത്. ഇന്ത്യ എക്കാലവും പറഞ്ഞിരുന്നത് കശ്മീർ പ്രശ്നത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചർച്ചയല്ലാതെ മൂന്നാമതൊരു കക്ഷിയെ പങ്കാളിയാക്കാൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ്. എന്നാൽ ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്നത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കിൽ അതിൽ ഇടപെടാൻ അമേരിക്ക തയ്യാറാണ് എന്നാണ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂട്ടാനുള്ള നീക്കങ്ങൾ നടക്കുകയാണ് എന്നും ട്രംപ് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.