ആണവ നിർവ്യാപന കരാറുകളെ ബാധിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു

ന്യൂയോർക്ക്: ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള അമേരിക്കൻ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് രംഗത്തെത്തി. ഇറാനെ ആക്രമിച്ച അമേരിക്കൻ നടപടി അപകടകരമെന്നാണ് യു എൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടത്. അങ്ങേയറ്റത്തെ ആശങ്കയുണ്ടാക്കുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത് ആണവ നിർവ്യാപന കരാറുകളെ ബാധിക്കുമെന്ന മുന്നറിയിപ്പും അന്‍റോണിയോ ഗുട്ടറസ് നൽകി.

അതേസമയം ഇറാനെ നേരിട്ടാക്രമിച്ച അമേരിക്കയുടെ നടപടി ധീരമായ‌ ഇടപെടലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഇറാനിലെ ആക്രമണത്തിന്‍റെ വിശദാംശങ്ങൾ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. നെതന്യാഹു അമേരിക്കയോടുള്ള നന്ദി അറിയിച്ചു. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കി എന്നാണ് നെതന്യാഹു പ്രതികരിച്ചത്. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍റെ അവകാശവാദം. അതേസമയം ഫോർദോ ആണവ നിലയം അവസാനിച്ചെന്നാണ് ട്രംപിന്‍റെ അവകാശവാദം. ആക്രമണം വിജയമാണെന്നും ഇനിയൊരു ആക്രമണമുണ്ടാകില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

ആക്രമണത്തിൽ പങ്കുചേർന്ന് അമേരിക്ക, ആശങ്ക കനക്കുന്നു

അതേസമയം ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ പശ്ചിമേഷ്യയിലാകെ ആശങ്ക കനക്കുകയാണ്. ഇറാന്റെ മൂന്ന് ആണവോർജ കേന്ദ്രങ്ങളിലാണ് യു എസ് യുദ്ധവിമാനങ്ങൾ ബോംബിട്ടത്. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ന്യൂക്ലിയർ കേന്ദ്രങ്ങളിലായിരുന്നു അമേരിക്കയുടെ ആക്രമണം. ബി 2 ബോംബർ ഉപയോഗിച്ചതായി സ്ഥിരീകരണമുണ്ടായിട്ടുണ്ട്. ദൗത്യം വിജയകരമെന്നാണ് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയും ട്രംപ് നൽകിയിട്ടുണ്ട്. ഇനിയും ആക്രമിക്കപ്പെടാൻ ഇറാനിൽ ഇടങ്ങളുണ്ടെന്നത് ഓ‍ർക്കണമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. മൂന്ന് കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും ആക്രമണം വലിയ സൈനിക വിജയമെന്നുമാണ് അമേരിക്ക വിശദമാക്കുന്നത്. 40 വർഷമായി ഇറാൻ അമേരിക്കയ്ക്ക് എതിരെ പ്രവർത്തിക്കുന്നു. ഒട്ടേറെ നിരപരാധികളെ കൊലപ്പെടുത്തിയെന്നും ട്രംപ് വിശദമാക്കി. ഇറാൻ സമാധാനത്തിന് തയ്യാറാകണം ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ ഇറാനിൽ ആക്രമണം തുടങ്ങി പത്താം നാളിലാണ്യു എസും നേരിട്ട് പങ്കാളിയായത്. ഇതോടെ മേഖലയിലാകെ ആശങ്കയും ശക്തമായിട്ടുണ്ട്.