യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒയുടെ കൊലപാതകം, വെടിയുണ്ടയിൽ നിന്ന് കുറിപ്പുകൾ കണ്ടെത്തി

ബുധനാഴ്ചയാണ് അമേരിക്കയിലെ പ്രശസ്തമായ ഇൻഷുറൻസ് സ്ഥാപന സിഇഒ ബ്രയാൻ തോംസണെ അക്രമി വെടിവച്ച് കൊലപ്പെടുത്തിയത്. വെടിയുണ്ടയിൽ നിന്ന് കണ്ടെത്തിയത് ഇൻഷുറൻസ് മേഖലയിൽ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന വാക്കുകൾ. 

United Health care CEO murder bullets marked with three words

മാൻഹാട്ടൻ: അമേരിക്കയിലെ പ്രശസ്തമായ ഇൻഷുറൻസ് സ്ഥാപന സിഇഒ ബ്രയാൻ തോംസൺ കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകളുടെ കേസിലെ എഴുത്തുകളും അന്വേഷണ വിധേയമാക്കുന്നു. ഇൻഷുറൻസ് വ്യവസായ രംഗത്ത് പതിവായി ഉപയോഗിക്കപ്പെടുന്ന മൂന്ന് വാക്കുകളാണ് വെടിയുണ്ടകളുടെ ഷെല്ലിൽ കുറിച്ചിട്ടുള്ളത്. കാലതാമസം എന്നർത്ഥമാക്കുന്ന ഡിലേ(Delay), നിഷേധിക്കുക എന്നർത്ഥം വരുന്ന (Deny), തരം താഴ്ത്തുക എന്നർത്ഥം വരുന്ന ഡിപോസ് (Depose)എന്നീ മൂന്ന് വാക്കുകളാണ് വെടിയുണ്ടകളുടെ ഷെല്ലിൽ കുറിച്ചിട്ടുള്ളത്. 

കൊലപാതക കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണെങ്കിലും അക്രമവുമായി ബന്ധപ്പെട്ട് വെടിയുണ്ടകളുടെ ഷെല്ലിൽ കണ്ടെത്തിയ വാക്കുകളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ട കഴിവുകളേക്കുറിച്ചുള്ള പ്രശസ്തമായ ബുക്കിന്റെ പേരും ഈ മൂന്ന് വാക്കുകളായിരുന്നു. പോളിസികളുമായി ബന്ധപ്പെട്ട  പ്രതിരോധത്തിന് ഈ വാക്കുകൾ സാധാരണയായി ഉപയോഗിക്കപ്പെടാറുണ്ട്. 

വലിയ രീതിയിൽ ക്ലെയിം നിഷേധിക്കുന്നതിന്റെ പേരിൽ അടുത്തിടെ രൂക്ഷ വിമർശനം നേരിട്ട ഇൻഷുറൻസ് കമ്പനിയുടെ സിഇഒ ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസത്തിൽ നീതിന്യായ വകുപ്പും ഇൻഷുറൻസ് സ്ഥാപനത്തിനെതിരെ നടപടിയും എടുത്തിരുന്നു. 2004 മുതൽ കമ്പനിയുടെ ഭാഗമായിരുന്ന ബ്രയാൻ  2021ലാണ് ബ്രയാൻ തോംസൺ സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്ക് എത്തിയത്. 

അമേരിക്കയിലെ മിനസോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ വാർഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് പോവുകയായിരുന്ന ബ്രയാൻ തോംസണെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 20 അടി ദൂരെ നിന്നാണ് അക്രമി വെടിയുതിർത്തത്. ഇയാൾ പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് മക്കളുടെ പിതാവായ ബ്രയാൻ തോംസണ് 50 വയസായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത്കെയർ. സിഇഒയുടെ കൊലപാതകത്തിന് പിന്നാലെ നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios