സൗദി കിരീടാവകാശി പറയുന്നത് കേൾക്കുമെന്ന് പലതവണ ട്രംപ് പറയുകയും ചെയ്തു. ലോക രാഷ്ട്രീയത്തിലും മിഡിൽ ഈസ്റ്റിലും സൗദിയുടെ വളരുന്ന സ്വാധീനശേഷിയാണിത് വ്യക്തമാക്കുന്നത്.
റിയാദ്: 25 വർഷങ്ങൾക്ക് ശേഷം സൗദിയിൽ പരസ്പരം കൈകൊടുത്ത് സിറിയൻ - അമേരിക്കൻ പ്രസിഡന്റുമാർ. സിറിയയ്ക്ക് മേലുള്ള ഉപരോധം നീക്കിയ പ്രഖ്യാപനത്തിന് പിന്നാലെ, ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതുൾപ്പടെ അഞ്ച് നിർദേശങ്ങൾ ഡോണൾഡ് ട്രംപ്, സിറിയൻ പ്രസിഡന്റിന് മുന്നിൽ വെച്ചു. കൂടുതൽ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനും ഡോണൾഡ് ട്രംപ് അഹ്വാനം ചെയ്തു. ഇറാനുമായി ഡീലിലെത്താനും ഗൾഫ് രാജ്യങ്ങളുടെ പിന്തുണ ട്രംപ് തേടി.
കാൽനൂറ്റാണ്ടിന് ശേഷം ചരിത്രം കുറിച്ച് സിറിയൻ - അമേരിക്കൻ പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച്ച നടന്നത് സൗദി കിരീടാവകാശിക്ക് മുന്നിലായിരുന്നു. ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുക, മേഖലയിലെ തീവ്രവാദികളെ രാജ്യത്തിന് പുറത്താക്കുക, ഐ.എസ് തിരിച്ചുവരവ് തടയുക തുടങ്ങിയവയാണ് അഹ്മദ് അൽ ഷരായ്ക്ക് മുന്നിൽ ട്രംപ് വെച്ച നിർദേശങ്ങൾ. തുർക്കി പ്രസിഡന്റും ഫോണിലൂടെ ചർച്ചയിൽ പങ്കെടുത്തു.
മേഖലയിലെ രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഭീഷണികളെ ചെറുക്കാനും, മിഡിൽ ഈസ്റ്റിൽ സ്വാധീനം ശക്തമാക്കാനും ഉള്ള അജണ്ടയായിരുന്നു ഗൾഫ് ഉച്ചകോടിയിൽ ഡോണൾഡ് ട്രംപിന്റെ പ്രസംഗം. ചരിത്രപരമായ വൈരം മറന്ന് അബ്രഹാം കരാർ വഴി ഗൾഫ് രാജ്യങ്ങളെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിലേക്ക് എത്തിക്കലാണ് അതിൽ പ്രധാനം.
എന്നാൽ സ്വതന്ത്ര പലസ്തീൻ സാധ്യമാകാതെ ഇതുണ്ടാവില്ലെന്നാണ് സൗദിയുടെ ഉൾപ്പടെ നിലപാട്. ഗാസയിൽ നേതൃത്വത്തിലുള്ളവരുടെ ക്രൂരത അവസാനിക്കാതെ പലസ്തീനിൽ സമാധാനവും സുരക്ഷിതത്വവും ഉണ്ടാവില്ലെന്ന് ട്രംപും നിലപാടെടുത്തു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഹമാസിനെയാണ് ലക്ഷ്യമിട്ടതെന്ന് കരുതുന്നു.
ഇറാനുമായി ഡീലിലെത്താനും അതിനുള്ള സമ്മർദം ശക്തമാക്കാനും ട്രംപ് ഗൾഫ് രാഷ്ട്രങ്ങളുടെ പിന്തുണ തേടി. സൗദി കിരീടാവകാശി പറയുന്നത് കേൾക്കുമെന്ന് പലതവണ ആവർത്തിച്ച ട്രംപ്, ലോക രാഷ്ട്രീയത്തിലും മിഡിൽ ഈസ്റ്റിലും സൗദിയുടെ വളരുന്ന സ്വാധീനശേഷിയാണ് വ്യക്തമാക്കുന്നത്.


