ഹൂതികളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ചരക്ക് കപ്പലുകൾക്കുനേരെ തുടർച്ചയായി ഹൂതികൾ നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് നടപടിയെന്ന് അമേരിക്ക വിശദീകരിച്ചു.
യെമന്‍: യെമനിലെ ഹൂതി വിമതർക്കെതിരെ സൈനിക നടപടി തുടങ്ങി അമേരിക്കയും ബ്രിട്ടനും. ഹൂതികളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ചരക്ക് കപ്പലുകൾക്കുനേരെ തുടർച്ചയായി ഹൂതികൾ നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് നടപടിയെന്ന് അമേരിക്ക വിശദീകരിച്ചു.
ചെങ്കടലിലെ യുദ്ധക്കപ്പലുകളിൽ നിന്ന് പറന്നുയർന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾ യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങളിൽ നടത്തിയത് കനത്ത ആക്രമണം. തലസ്ഥാനമായ സനാ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖമായ ഹുദൈദ, ചരിത്രനഗരമായ ധമർ തുടങ്ങി 12 കേന്ദ്രങ്ങളിൽ കനത്ത ബോംബിങ്. ഓസ്‌ട്രേലിയ, കാനഡ, ബഹ്‌റൈൻ തുടങ്ങി പത്ത് രാജ്യങ്ങളുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് അമേരിക്ക വിശദീകരിച്ചു. ആക്രമണത്തിന് അമേരിക്കയും ബ്രിട്ടനും കനത്ത വില നൽകേണ്ടി വരുമെന്ന് ഹൂതി വക്താവ് ഭീഷണി മുഴക്കി. ഇറാന്റെ പിന്തുണയുള്ള സായുധ സംഘമായ ഹൂത്തികൾ രണ്ട് മാസമായി ചെങ്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെ കനത്ത ആക്രമണം നടത്തിവരികയാണ്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇതെന്നാണ് ഹൂതികളുടെ വാദം.
ആക്രമണം ഭയന്ന് ചരക്ക് കപ്പലുകൾ നേരായ പാത ഉപേക്ഷിച്ച് വളഞ്ഞുചുറ്റി സഞ്ചരിക്കുന്നതിനാൽ ലോകമെങ്ങും ചരക്ക് നീക്കത്തിനുള്ള ചെലവ് കുതിച്ചുയർന്നിരുന്നു. ഈ സ്ഥിതി ഇനിയും തുടരാൻ ആവില്ലെന്നും ഹൂതികളുടെ ശക്തി ഇല്ലാതാക്കുംവരെ ആക്രമണം തുടരും എന്നുമാണ് അമേരിക്ക പറയുന്നത്. വര്ഷങ്ങളായി ഹൂതികൾക്ക് എല്ലാ ആയുധ സാമ്പത്തിക സഹായവും നൽകുന്ന ഇറാൻ എങ്ങനെ പ്രതികരിക്കും എന്നതാണ് ഇനി പ്രധാനം.
