വാഷിങ്ടണ്‍: തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ഡോണള്‍ഡ് ട്രംപിന്റെ ആരോപണത്തിന് തെളിവില്ലെന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പ് അധികൃതര്‍ ഔദ്യോഗികമായി വിശദീകരണം നല്‍കി. യുഎസ് ഫെഡറല്‍ ആന്‍ഡ് സ്റ്റേറ്റ് ഇലക്ഷന്‍ അധികൃതര്‍ ട്രംപിന്റെ വാദം തള്ളി പ്രസ്താവന പുറപ്പെടുവിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പമാണ് കഴിഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.  2.7 ദശലക്ഷം വോട്ടുകള്‍ എക്വിപ്‌മെന്റ് മേക്കര്‍ ഡിലീറ്റ് ചെയ്‌തെന്ന് ട്രംപ് ആരോപിച്ചതിന് പിന്നാലെയാണ് അധികൃതര്‍ പ്രസ്താവന ഇറക്കിയത്.  

ട്രംപിന്റെ ആരോപണത്തിന് യാതൊരു തെളിവുമില്ലെന്നും വോട്ട് മാറ്റാനോ നശിപ്പിക്കാനോ ആര്‍ക്കും കഴിയില്ലെന്നും ഇലക്ഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗവണ്‍മെന്റ് കോഓഡിനേറ്റിംഗ് കൗണ്‍സില്‍ അറിയിച്ചു. ജോ ബൈഡന്റെ വിജയം ഇപ്പോഴും പല റിപ്പബ്ലിക്കന്‍ നേതാക്കളും അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നാണ് അവരുടെ ആരോപണം.

ബൈഡന്റെ വിജയം അംഗീകരിക്കാത്തവര്‍ ജനാധിപത്യത്തില്‍ വിഷം കലര്‍ത്തുകയാണെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ചത്. എന്നാല്‍, തോല്‍വി അംഗീകരിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.