ഏറ്റവുമൊടുവില്‍, വ്യാഴാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തുകയായിരുന്നു. പ്രകോപനമില്ലാതെ ഇറാന്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് ആക്രമണം എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്.

വാഷിംഗ്ടണ്‍: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നു എന്നവകാശപ്പെടുമ്പോഴും ഇറാനും അമേരിക്കയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍, വ്യാഴാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തുകയായിരുന്നു. പ്രകോപനമില്ലാതെ ഇറാന്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് ആക്രമണം എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്. പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഒരു മാസം നീണ്ടുനിന്ന താല്‍ക്കാലിക വെടിനിര്‍ത്തലിനിടയിലാണ് വ്യഴാഴ്ച പുതിയ ആക്രമണമുണ്ടായത്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള യുഎസ് ഉപരോധം അവസാനിപ്പിക്കാനുമുള്ള പദ്ധതികള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് യുഎസ് ഇറാനില്‍ ആക്രമണം നടത്തിയത്.

ഹോര്‍മുസ് കടലിടുക്കില്‍ പ്രകോപനമില്ലാതെ മൂന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇറാനിലെ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. മിസൈലുകളും ഡ്രോണുകളും ചെറിയ ബോട്ടുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. ആക്രമണങ്ങളെ പരാജയപ്പെടുത്തിയതായും മറുപടിയായി ഇറാനിലെ മിസൈല്‍, ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ലൊക്കേഷനുകള്‍, ഇന്റലിജന്‍സ്, നിരീക്ഷണ, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ ലക്ഷ്യമിട്ടതായുമാണ് പ്രസ്താവനയില്‍ പറയുന്നത്.

ടെഹ്‌റാന്‍, ഖേഷ്ം ദ്വീപ്, ബന്ദര്‍ അബ്ബാസ് നഗരം എന്നിവിടങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇവിടെ സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയാ പോസ്റ്റുകളും വ്യക്തമാക്കി. ആക്രമണത്തിനു പിന്നില്‍ അമേരിക്കയും അതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമാണെന്ന് ഇറാന്റെ സായുധ സേന അറിയിച്ചു. അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഹോര്‍മുസ് കടലിടുക്കിലേക്ക് പോവുകയായിരുന്ന ഇറാന്‍ ഓയില്‍ ടാങ്കറിന് നേരെ അമേരിക്ക വെടിയുതിര്‍ത്തതായും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും കഴിഞ്ഞദിവസം ഇറാന്‍ ആരോപിച്ചിരുന്നു. ഇതിനു പ്രതികാരമായാണ് യുഎസ് യുദ്ധപ്പലുകളെ ആക്രമിച്ചതെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച വൈകി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും തമ്മില്‍ വെടിവെപ്പുണ്ടായതായി അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. മൂന്ന് അമേരിക്കന്‍ ഡിസ്‌ട്രോയറുകള്‍ക്കുനേരെ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളെ യുഎസ് സൈന്യം ആകാശത്തുവെച്ച് കത്തിച്ചാമ്പലാക്കിയതായും അദ്ദേഹം പറഞ്ഞു. ഇറാന്റെ നേതാക്കളെ 'ഭ്രാന്തന്മാര്‍' എന്ന് വിശേഷിപ്പിച്ച ട്രംപ് വേഗത്തില്‍ കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന കരാര്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായി ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കും മേലുള്ള ഉപരോധം നീക്കുക, ഗതാഗതത്തിനായി ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒരു പേജ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായാണ് മൂന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ യുഎസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

മൂന്നാം മാസത്തിലേക്ക് കടന്ന യുഎസ്-ഇറാന്‍ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിന് ചുറ്റും ഇറാനും അമേരിക്കയും ഏര്‍പ്പെടുത്തിയ പരസ്പര ഉപരോധങ്ങളും എണ്ണ ഗതാഗതത്തെ പൂര്‍ണ്ണമായി ബാധിച്ചിട്ടുണ്ട്. ഇത് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കി. ഊര്‍ജ്ജ വില കുത്തനെ ഉയരാനും ഇത് കാരണമായി.

അതിനിടെ, യുഎസ് ഇടപെടലിലൂടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയുമാണ്. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശത്ത് മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചു. ഇതോടെ, സംഘര്‍ഷ സാധ്യത ഇവിടെയും വര്‍ദ്ധിച്ചിരിക്കുകയാണ്.