ഇറാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ, യുഎസ് നാവികസേനാ മേധാവി ജോൺ ഫീലൻ പുറത്ത്. ട്രംപ് ഭരണകൂടത്തിലെ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ഇദ്ദേഹത്തെ നാവിക സേനാ മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്നാണ് വിവരം. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുന്ന നിർണ്ണായക ഘട്ടത്തിലാണ് ഈ നടപടി

വാഷിങ്ടൺ: ഇറാൻ യുദ്ധം എങ്ങുമെത്താതെ നിൽക്കെ അമേരിക്കയുടെ നാവികസേനാ മേധാവി ജോൺ ഫീലനെ പുറത്താക്കി ട്രംപ് ഭരണകൂടം. വൈറ്റ് ഹൗസിൽ ട്രംപ് ഭരണകൂടത്തിൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് പുറത്താകലിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെയാണ് ജോൺ ഫീലൻ സ്ഥാനമൊഴിയുന്നതായി പെന്റഗൺ പ്രഖ്യാപിച്ചത്. ഇതിന് വ്യക്തമായ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

ജോൺ ഫീലന് പകരം അണ്ടർ സെക്രട്ടറി ഹങ് കാവോ യു.എസ് നേവിയുടെ ആക്ടിംഗ് നേവി സെക്രട്ടറിയായി ചുമതലയേറ്റു. ഇറാനെതിരെ യുഎസ് സാമ്പത്തിക ഉപരോധം ശക്തമാക്കി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ മാറ്റം. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഎസ്.

ഈ ഘട്ടത്തിൽ ട്രംപ് ഭരണകൂടത്തിന് കീഴിൽ പ്രതിരോധ വകുപ്പിൽ നടന്ന പ്രധാന മാറ്റമാണ് ഈ പുറത്താകൽ. ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനെ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് യുഎസ് നേവി സെക്രട്ടറിയുടെയും പടിയിറക്കം. ഹോർമുസ് കടലിടുക്കിലെ സംഘർഷം അവസാനിപ്പിക്കാൻ ഏപ്രിൽ എട്ടിന് വെടിനിർത്തൽ ധാരണ ഉണ്ടായെങ്കിലും, ഇറാനെ സാമ്പത്തിക ഉപരോധത്തിലാക്കാൻ അമേരിക്ക നടത്തിയ നീക്കങ്ങളാണ് സ്ഥിതി പിന്നെയും വഷളാക്കിയത്. ഇതേത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇപ്പോൾ കപ്പലുകൾ പിടിച്ചെടുത്താണ് ഈ പോര് മുറുകുന്നത്. ഇതിനിടെയാണ് യുഎസ് നാവികസേനയുടെ തലപ്പത്തെ പുറത്താക്കൽ.