Asianet News MalayalamAsianet News Malayalam

ഇറാഖിലെ എംബസി ജീവനക്കാരെ തിരിച്ചുവിളിച്ച് അമേരിക്ക

ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഇറാഖിലെ എംബസി ജീവനക്കാരെ തിരിച്ചുവിളിച്ച് അമേരിക്ക

US orders non emergency embassy staff to leave Iraq
Author
USA, First Published May 15, 2019, 6:15 PM IST

വാഷിങ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഇറാഖിലെ എംബസി ജീവനക്കാരെ തിരിച്ചുവിളിച്ച് അമേരിക്ക. ഇറാന്‍റെ അയല്‍ രാഷ്ട്രമായ ഇറാഖിലെ ബാഗ്ദാദ്, അര്‍ബില്‍ എന്നിവിടങ്ങളിലെ നോണ്‍ എമര്‍ജന്‍സി എംബസി ജീവനക്കാരെയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

അതേസമയം ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കി. ഇറാൻ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കൻ താത്പര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ പ്രതികരിക്കുമെന്നും പൊംപേയോ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിൽ അസ്വാരസ്യങ്ങൾ കൂടുന്നതിനടെ റഷ്യയിൽ വെച്ചായിരുന്നു വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം. 

അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വാരമാണ് ഇറാൻ തീരത്തേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചത്.  ഇറാനെ ലക്ഷ്യമിട്ട് മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണാണ് അമേരിക്ക അയച്ചത്. 

അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2015ല്‍ അമേരിക്കയും ഇറാനും ഇതര രാജ്യങ്ങളും തമ്മിലുള്ള കരാറില്‍നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയതിന് ശേഷമാണ് ഇറാനെ ലക്ഷ്യമാക്കി അമേരിക്ക നീക്കം തുടങ്ങിയത്. കരാര്‍ റദ്ദാക്കിയതിന് ശേഷം അമേരിക്ക ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലെ റവല്യൂഷനറി ഗാര്‍ഡിനെ യുഎസ് അന്താരാഷ്ട്ര തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ബന്ധം വഷളാകാന്‍ കാരണമായി.

Follow Us:
Download App:
  • android
  • ios