2009ലെ ഫോർട്ട് ഹുഡ് വെടിവെപ്പ് കേസിലെ പ്രതി നിദാൽ ഹസന്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കഴിഞ്ഞയാഴ്ച പെന്റഗൺ നടത്തിയ പ്രഖ്യാപനം തിരുത്തിയാണ് ട്രംപിന്റെ തീരുമാനം.
വാഷിങ്ടൺ: അമേരിക്കയിലെ ഫോർട്ട് ഹുഡ് വെടിവെപ്പ് കേസിലെ പ്രതി നിദാൽ ഹസന്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നിശ്ചയിച്ച പ്രകാരം ഹസന്റെ വധശിക്ഷ ഫയറിംഗ് സ്ക്വാഡ് വഴിതന്നെ നടപ്പാക്കുമെന്നും ട്രംപ് പറഞ്ഞു. ആളുകൾക്ക് ഹസൻ്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച പെന്റഗൺ നടത്തിയ പ്രഖ്യാപനം തിരുത്തിയാണ് ട്രംപിന്റെ തീരുമാനം.
ഹസനെപ്പോലെയുള്ള ഭീകരവാദികളോടും കീടങ്ങളോടും അമേരിക്ക എങ്ങനെയാണ് ഇടപെടുന്നതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള ഒരു ശക്തമായ മുന്നറിയിപ്പായി ഇത് മാറുമായിരുന്നു. നല്ലവരും സന്മനസ്സുള്ളവരുമായ നിരവധി ആളുകൾ, അദ്ദേഹം സ്ട്രീമിംഗിലൂടെയോ മറ്റേതെങ്കിലും ദൃശ്യമാധ്യമങ്ങളിലൂടെയോ മരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. നിശ്ചയിച്ചതുപോലെ തന്നെ ഫയറിംഗ് സ്ക്വാഡ് വഴി അദ്ദേഹം വധിക്കപ്പെടും, എന്നാൽ ഈ സംഭവം തത്സമയം സംപ്രേഷണം ചെയ്യുകയില്ലെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
2009ൽ ടെക്സസിലെ ഫോർട്ട് ഹുഡ് ആർമി ബേസിൽ ഉണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് മുൻ മേജറും വിർജീനിയയിൽ നിന്നുള്ള സൈക്കാട്രിസ്റ്റുമായ നിദാൽ ഹസന് യുഎസ് ആർമി വധശിക്ഷ നൽകിയത്. തിരക്കേറിയ മെഡിക്കൽ കെട്ടിടത്തിൽ ഹസൻ നടത്തിയ വെടിവെപ്പിൽ നിരായുധരായ സൈനികർക്കാണ് ജീവൻ നഷ്ടമായത്. യുഎസ് സൈന്യത്തിൽ നിന്ന് മുസ്ലീങ്ങളെയും അഫ്ഗാനിസ്ഥാനിലെ താലിബനെയും സംരക്ഷിക്കാൻ വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് നിദാൻ ഹസൻ സമ്മതിച്ചിരുന്നു. ആക്രമണത്തിനിടെ വെടിയേറ്റ ഹസൻ, നിലവിൽ വീൽചെയറിലാണ്.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് ഹസൻ്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാൽ ഇതിനെതിരെ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഒരുപോലെ രംഗത്തെത്തി. ഹസന് രക്തസാക്ഷി പരിവേഷം ലഭിക്കുമെന്നും വധശിക്ഷ ലൈവ് സ്ട്രീം ചെയ്യുന്നത് അമേരിക്കൻ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും വിമർശകരും രംഗത്തെത്തി. ഹസൻ്റെ വധശിക്ഷ ഭാവിയിലെ ഭീകരർ ഒരു റിക്രൂട്ടിങ് ഉപകരണമാക്കി ഉപയോഗിക്കുമെന്ന ആശങ്ക പങ്കുവെച്ച് ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിൻ്റെ തീരുമാനം.
അതേസമയം യുഎസ് സൈന്യം അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1961ലാണ്. ഓസ്ട്രിയയിൽ 11കാരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജോൺ ബെനറ്റിനെയാണ് സൈന്യം തൂക്കിക്കൊന്നത്. എന്നാൽ ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1945ലാണ്. ഡിസംബർ മൂന്നിനാണ് സൈന്യം നിദാൽ ഹസൻ്റെ വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.


