ഇന്ത്യൻ മാധ്യമപ്രവർത്തകനോട് വംശീയത കലർന്ന പരാമർശവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ആണ് ട്രംപിൻ്റെ പരാമർശം. നിങ്ങൾ ഇന്ത്യയിൽ നിന്നാണോയെന്ന് ചോദിച്ച ട്രംപ് ജർമ്മനിയിൽ നിന്നാണെന്നാണ് കരുതിയെന്നും പറഞ്ഞു.
വാഷിങ്ടൺ ഡിസി: ഇന്ത്യൻ മാധ്യമപ്രവർത്തകനോട് വംശീയത കലർന്ന പരാമർശവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ പ്രസിഡന്റിൻ്റെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ആണ് ഇന്ത്യൻ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തോട് ട്രംപ്, അതിരുകടന്ന പരാമർശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ആരാഞ്ഞതിനിടെയാണ് ട്രംപിൻ്റെ പരാമർശം.
"നിങ്ങൾ ഇന്ത്യയിൽ നിന്നാണോ, വല്ലപ്പോഴും? ഏഹ്? നിങ്ങൾ ജർമ്മനിയിൽ നിന്നാണെന്നാണ് ഞാൻ കരുതിയത്"- ട്രംപ് പറഞ്ഞു. താൻ ഇന്ത്യയിൽ നിന്നാണെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞതോടെ, വെറുതെ തമാശ പറഞ്ഞതാണെന്നും ട്രംപ് പറഞ്ഞു.
മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തോട്, പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ നല്ല സുഹൃത്താണെന്നും തങ്ങൾ തമ്മിൽ മികച്ച ബന്ധമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി അമേരിക്ക വ്യാപാര കരാറിൽ ഏർപ്പെടുമെന്നും ട്രംപ് പറഞ്ഞു. വർഷങ്ങളോളം ഇന്ത്യ അമേരിക്കയെ മുതലെടുത്തുവെന്ന് പറഞ്ഞ ട്രംപ്, ഇപ്പോൾ അതിന്റെ നേർവിപരീതമാണ് സംഭവിക്കുന്നതെന്നും പറഞ്ഞു.
അതേസമയം ഇന്ത്യൻ മാധ്യമപ്രവർത്തകനോടുള്ള ട്രംപിൻ്റെ പരാമർശത്തിനെതിരെ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. "വംശീയത അതിന്റെ അങ്ങേയറ്റത്ത്"- എന്നായിരുന്നു ഒരാളുടെ പ്രതികരണം. അർത്ഥശൂന്യമായ മറ്റൊരു കൂട്ടം പ്രസ്താവനകളെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ട്രംപിൻ്റേത് വംശീയ പരാമർശമാണെന്ന് മറ്റൊരാൾ കുറിച്ചു. "നാസി അധിനിവേശവാദികളെപ്പോലെ പെരുമാറുന്ന എലൈറ്റിസ്റ്റ് ട്രംപ്, അദ്ദേഹം അമേരിക്കയ്ക്ക് വരുത്തിവെക്കുന്ന ഏറ്റവും വലിയ വിഡ്ഢിത്തമായിരിക്കും”- മറ്റൊരാൾ വിമർശിച്ചു. ഒരു കോമാളിയെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം ഇത്തരം പ്രസ്താവനകൾ നടത്തുന്നത് സ്വാഭാവികമാണെന്നും മറ്റൊരാൾ പ്രതികരിച്ചു.


