ഐഎസ് തലപ്പത്തെ രണ്ടാമനെ വധിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഐഎസിന്റെ ആഗോളതലത്തിലെ സെക്കൻഡ് ഇൻ കമാൻഡായിരുന്ന അബു ബിലാൻ അൽ മിനുക്കി ആണ് കൊല്ലപ്പെട്ടത്. യുഎസ് സൈന്യവും നൈജീരയൻ സായുധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സംഭവമെന്ന് ട്രംപ്.
വാഷിങ്ടൺ: ഐഎസ് തലപ്പത്തെ രണ്ടാമനായ അബു ബിലാൻ അൽ മിനുക്കിയെ വധിച്ചെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. യുഎസ് സൈന്യവും നൈജീരയൻ സായുധ സേനയും സംയുക്തമായി നൈജീരിയയിൽവെച്ച് നടത്തിയ ഓപ്പറേഷനിലാണ് ഐഎസിന്റെ ആഗോളതലത്തിലെ രണ്ടാം നിരക്കാരനായ അബു ബിലാൻ അൽ മിനുക്കിയെ വധിച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

അമേരിക്കൻ സൈന്യവും നൈജീരിയൻ സായുധ സേനയും ചേർന്ന് ലോകത്തിലെ ഏറ്റവും സജീവമായ തീവ്രവാദിയെ യുദ്ധക്കളത്തിൽനിന്ന് ഇല്ലാതാക്കാൻ അതീവ സങ്കീർണവും സൂക്ഷ്മമായി ആസൂത്രണം ചെയ്തതുമായ ഒരു ദൗത്യം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കിയെന്ന് ട്രംപ് അറിയിച്ചു.
"അവൻ ആഫ്രിക്കയിൽ ഒളിച്ചിരിക്കാമെന്ന് കരുതി, എന്നാൽ അവന്റെ ഓരോ നീക്കങ്ങളും തങ്ങളെ അറിയിക്കാൻ കൃത്യമായ സ്രോതസ്സുകൾ ഉണ്ടായിരുന്നു എന്ന് അവൻ അറിഞ്ഞില്ല. ഇനി മുതൽ അവന് ആഫ്രിക്കയിലെ ജനങ്ങളെ ഭീതിയിലാഴ്ത്താനോ അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനോ കഴിയില്ല"- ട്രംപ് പറഞ്ഞു.
അൽ മിനുക്കിയുടെ വധത്തോടെ ഐഎസിന്റെ ആഗോള പ്രവർത്തനങ്ങൾ വലിയ തോതിൽ തകർക്കപ്പെട്ടിരിക്കുന്നുവെന്നും ഓപ്പറേഷനിൽ പങ്കെടുത്ത നൈജീരിയൻ സർക്കാരിനോട് നന്ദി അറിയിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആരാണ് അബു ബിലാൻ അൽ മിനുക്കി?
ഐഎസിന്റെ ആഗോളതലത്തിലെ സെക്കൻഡ് ഇൻ കമാൻഡായിരുന്ന അബു ബിലാൻ അൽ മിനുക്കി ആഫ്രിക്കയിലെ സഹേൽ മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. സെനഗൽ, മാലി, ബുർക്കിന ഫാസോ, നൈഗർ, നൈജീരിയ, സുഡാൻ അടക്കം 12 ഓളം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മേഖലയാണ് സഹേൽ. ഇസ്ലാമിക് സ്റ്റേറ്റ് വൈസ്റ്റ് ആഫ്രിക്ക പ്രൊവിൻസിലെ മുതിർന്ന കമാൻഡറായാണ് അൽ മിനൂക്കി പ്രവർത്തിച്ചിരുന്നത്. 2023 ജൂണിൽ യുഎസ് അൽ മിനുക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.


