Asianet News MalayalamAsianet News Malayalam

മിസൈല്‍ അല്ലാത്ത മനോഹരമായ ക്രിസ്മസ് സമ്മാനം കിം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ്

ഫെബ്രുവരിയില്‍ ഉത്തരകൊറിയ അമേരിക്ക രാഷ്ട്രതലവന്മാര്‍ ഉച്ചകോടി നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല. അമേരിക്കന്‍ നിലപാടുകള്‍ മാറ്റാതെ ചര്‍ച്ചയില്ലെന്നാണ് കിം പറഞ്ഞിരുന്നത്. എന്നാല്‍ ഉപരോധങ്ങള്‍ അടക്കം പല കാര്യങ്ങളിലും അമേരിക്കന്‍ പക്ഷം ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

US ready to deal with any North Korean Christmas gift Donald Trump
Author
New York, First Published Dec 25, 2019, 12:56 PM IST

വാഷിംങ്ടണ്‍: മിസൈല്‍ അല്ലാത്ത മനോഹരമായ ക്രിസ്മസ് സമ്മാനം ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍ തനിക്ക് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന്  അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ്. ഉത്തരകൊറിയ പുതിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയോട് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം. എന്ത് തരത്തിലുള്ള സമ്മാനം തന്നാലും അതിനെ വിജയകരമായി നേരിടാന്‍ യുഎസിന് സാധിക്കും എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മിസൈല്‍ വിക്ഷേപണത്തിന് പകരം നല്ലൊരു സമ്മാനം തരുവാന്‍ ആയിരിക്കും കിമ്മിന്‍റെ ആസൂത്രണം. നടക്കാന്‍ പോകുന്നത് കാത്തിരുന്ന് കാണാം എന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ക്രിസ്മസ് സമ്മാനം വരുന്നു എന്ന് കിം പറഞ്ഞതായി ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കൂടി സൂചിപ്പിച്ചാണ് ട്രംപ് ഉത്തരകൊറിയയ്ക്ക് മറുപടി നല്‍കിയത്. ഉത്തരകൊറിയ അമേരിക്ക ചര്‍ച്ചകള്‍ വഴിമുട്ടിയതിന് പിന്നാലെയായിരുന്നു കിമ്മിന്‍റെ പ്രസ്താവന. 

ഫെബ്രുവരിയില്‍ ഉത്തരകൊറിയ അമേരിക്ക രാഷ്ട്രതലവന്മാര്‍ ഉച്ചകോടി നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല. അമേരിക്കന്‍ നിലപാടുകള്‍ മാറ്റാതെ ചര്‍ച്ചയില്ലെന്നാണ് കിം പറഞ്ഞിരുന്നത്. എന്നാല്‍ ഉപരോധങ്ങള്‍ അടക്കം പല കാര്യങ്ങളിലും അമേരിക്കന്‍ പക്ഷം ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

അതേ സമയം വളരെ പ്രധാനപ്പെട്ട പരീക്ഷണം നടത്തിയതായി അവകാശപ്പെട്ട് ഉത്തരകൊറിയ കഴിഞ്ഞ ഡിസംബര്‍ 8ന് രംഗത്ത് എത്തിയിരുന്നു. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എയാണ് ഈ വിവരം പുറത്ത് വിട്ടത്. എന്നാല്‍ എന്താണ് പരീക്ഷണം എന്ന് ഇവര്‍ വ്യക്തമാക്കുന്നില്ല. അതേ സമയം ഒരു ബഹിരാകാശ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയത് എന്ന സൂചനകളാണ് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നത്.

സൊഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിലാണ് പരീക്ഷണം നടത്തിയത് എന്നാണ് വാര്‍ത്ത ഏജന്‍സി സൂചിപ്പിക്കുന്നത്. പരീക്ഷണം സമ്പൂര്‍ണ്ണ വിജയമായിരുന്നു എന്നും വാര്‍ത്ത ഏജന്‍സി പറയുന്നു. ഈ പരീക്ഷണ വിജയം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉത്തരകൊറിയയ്ക്ക് തന്ത്രപ്രധാന മുന്നേറ്റം നല്‍കുമെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios