വാഷിംഗ്‌ടണ്‍: ഹോങ്കോങ്ങിലെ ജനങ്ങളുടെ പരമാധികാരം നിയന്ത്രിക്കാനുള്ള ചൈനീസ് ബില്ലിനെതിരെ ഉപരോധമുൾപ്പെടെയുള്ള പ്രതിരോധങ്ങൾ തീർക്കാനൊരുങ്ങി ട്രംപ് അഡ്മിനിസ്ട്രേഷൻ. ഹോങ്കോങ്ങിനെ നിയന്ത്രണവിധേയമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ചൈനയുടെ പുതിയ സെക്യൂരിറ്റി ബില്ലിനെ പിന്തുണയ്‌ക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ബില്‍ കഴിഞ്ഞ ദിവസം അമേരിക്കൻ സെനറ്റ് ഐകകണ്ഠ്യേന പാസാക്കി. ബിൽ നിയമമാകുന്നതോടെ ചൈനയുടെ ഹോങ്കോങ് വിരുദ്ധനയങ്ങൾക്ക് വളം പകരുന്ന കമ്പനികള്‍ക്ക് അമേരിക്കയുമായി വ്യാപാരം നടത്തുക ഏറെ ദുഷ്കരമാകും. 

ഹോങ്കോങ്ങിന്മേലുള്ള ചൈനീസ് അധിനിവേശത്തെ പിന്തുണയ്ക്കുന്ന വ്യാപാരസ്ഥാപനങ്ങളുമായോ വ്യക്തികളുമായോ ഇടപാടുകൾ നടത്തുന്ന ബാങ്കുകൾക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള വ്യവസ്ഥകൾ വരെ ഉൾപ്പെടുന്നതാണ് സെനറ്റ് പാസാക്കിയ 'ഹോങ്കോങ് ഓട്ടോണമി ആക്‌റ്റ്'. ജനപ്രതിനിധി സഭയും പാസാക്കുകയും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇതില്‍ ഒപ്പിടുകയും ചെയ്‌താല്‍ ഇത് നിയമമാകും.  

ഹോങ്കോങ്ങില്‍ ചൈന നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല എന്ന ശക്തമായ നിലപാടാണ് അമേരിക്ക എടുത്തിരിക്കുന്നത്. ഹോങ്കോങ്ങിനെ വരുതിയിലാക്കുന്ന ചൈനീസ് ശ്രമങ്ങള്‍ക്കുള്ള ശക്തമായ താക്കീതാണ് ഈ ബില്‍ എന്നാണ് ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് വാന്‍ ഹോലന്‍റെ വാക്കുകള്‍. ഹോങ്കോങ്ങിന്‍റെ സ്വയംഭരണാവകാശം ലംഘിച്ചാല്‍ ചൈന ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദേഹം വ്യക്തമാക്കി. 

കൊവിഡ് 19 മഹാമാരിയോടെ അമേരിക്ക- ചൈന ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഹോങ്കോങ് പ്രശ്നമുയര്‍ത്തി സെനറ്റ് പുതിയ ബില്‍ പാസാക്കിയിരിക്കുന്നത്. ഈ ബില്ലോടെ ചൈനയ്ക്കുമേൽ അമേരിക്കയുടെ സമ്മർദ്ദം ഒന്നുകൂടി ശക്തമായിരിക്കുകയാണ്.