യുഎസ്-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ, ഇറാന്റെ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമതാവളത്തിൽ ഇടം നൽകിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  

വാഷിംഗ്ടൺ: യുഎസ്-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കുനന പാകിസ്ഥാന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പുതിയ റിപ്പോർട്ടുകൾ. ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ താവളമൊരുക്കിയെന്ന അമേരിക്കൻ മാധ്യമങ്ങളുടെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാന്റെ ചാരവിമാനങ്ങൾ പാക് മണ്ണിൽ പാർക്ക് ചെയ്യാൻ അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാനെതിരെ രൂക്ഷ പ്രതികരണവുമായി പ്രമുഖ അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം രംഗത്തെത്തി.

Add Asianetnews as a Preferred SourcegooglePreferred

സിബിഎസ് ന്യൂസ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഏപ്രിൽ ആദ്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ വിമാനങ്ങൾ പാകിസ്ഥാനിലെ നൂർ ഖാൻ വ്യോമസേനാ താവളത്തിലേക്ക് മാറ്റിയത്. രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കും നിരീക്ഷണത്തിനുമായി ഉപയോഗിക്കുന്ന ഇറാന്റെ 'ആർസി-130' വിമാനങ്ങൾ പാക് മണ്ണിലുണ്ടെന്നാണ് വിവരം. വാഷിംഗ്ടണിനും ടെഹ്‌റാനും ഇടയിൽ ഒരു നിഷ്പക്ഷ മധ്യസ്ഥനായി സ്വയം അവകാശപ്പെടുമ്പോഴാണ് പാകിസ്ഥാൻ ഇറാന് സൈനിക സഹായം നൽകുന്നതെന്നത് ശ്രദ്ധേയമാണ്.

റിപ്പോർട്ട് പുറത്തുവന്നതോടെ പാകിസ്ഥാനെ വിശ്വസിക്കാൻ കഴിയില്ലെന്ന് സെനറ്റർ ലിൻഡ്സെ ഗ്രഹാം തുറന്നടിച്ചു. പാകിസ്ഥാനെ എനിക്ക് ഒട്ടും വിശ്വാസമില്ല. ഇറാന്റെ സൈനിക ആസ്തികൾ സംരക്ഷിക്കാൻ അവർ താവളമൊരുക്കുന്നുണ്ടെങ്കിൽ, മധ്യസ്ഥതയ്ക്കായി നമ്മൾ വേറെ ആളെ നോക്കേണ്ടിയിരിക്കുന്നു. ഈ ചർച്ചകൾ എങ്ങും എത്താത്തതിൽ അത്ഭുതമില്ല," അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ ഇരട്ടത്താപ്പ് അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇത് മേഖലയിലെ സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.