Asianet News MalayalamAsianet News Malayalam

അമേരിക്കയുടെ പുതിയ ബഹിരാകാശ പേടകത്തിന് കല്‍പ്പന ചൗളയുടെ പേര്

ഇന്ത്യന്‍ വംശജയായ ആദ്യബഹിരാകാശ യാത്രികയെന്ന നിലയില്‍ നാസയില്‍ ചരിത്രം രേഖപ്പെടുത്തിയ കല്‍പ്പനയെ ബഹുമാനിക്കുകയാണെന്നും ഗ്രൂമാന്‍ കമ്പനി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. 

us spacecraft named after late indian american astronaut kalpana chawla
Author
Washington D.C., First Published Sep 10, 2020, 8:13 PM IST

വാഷിം​ഗ്ടൺ: അമേരിക്കയുടെ പുതിയ ബഹിരാകാശ പേടകത്തിന് അന്തരിച്ച ബഹിരാകാശയാത്രിക കല്‍പ്പന ചൗളയുടെ പേര് നൽകും. അടുത്ത ബഹിരാകാശ വാഹനത്തിന് 'എസ്എസ് കല്‍പ്പന ചൗള' എന്ന പേര് നല്‍കുമെന്ന് അമേരിക്കയുടെ ആഗോള ബഹിരാകാശ-പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്ത്‌റോപ് ഗ്രൂമാന്‍ പ്രഖ്യാപിച്ചു. ബഹിരാകാശ ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്കുള്ള പേടകത്തിന് കല്‍പ്പനയുടെ പേർ നൽകുന്നത്. 

സെപ്റ്റംബര്‍ 29-ന് വെര്‍ജിനിയയിലെ വാലപ്‌സ് ഫ്‌ളൈറ്റ് ഫെസിലിറ്റിയില്‍ നിന്ന് എന്‍ജി-14(NG-14) ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും കല്‍പ്പന ചൗള പേടകം യാത്ര തിരിക്കുന്നത്. സ്‌പേസ് സ്‌റ്റേഷനിലേക്ക് 3,629 കിലോഗ്രാം സാധനസാമഗ്രികളാണ് എന്‍ജി-14 ദൗത്യം എത്തിക്കുന്നത്. 

മനുഷ്യരുള്‍പ്പെടുന്ന ബഹിരാകാശദൗത്യത്തിന് കല്‍പ്പന നല്‍കിയ സംഭാവനകള്‍ എല്ലാകാലത്തും നിലനില്‍ക്കും. ഇന്ത്യന്‍ വംശജയായ ആദ്യബഹിരാകാശ യാത്രികയെന്ന നിലയില്‍ നാസയില്‍ ചരിത്രം രേഖപ്പെടുത്തിയ കല്‍പ്പനയെ ബഹുമാനിക്കുകയാണെന്നും ഗ്രൂമാന്‍ കമ്പനി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. കല്‍പ്പന ചൗള മറ്റുള്ള ബഹിരാകാശ യാത്രികര്‍ക്ക് പ്രചോദനം പകര്‍ന്നുവെന്നും അവർ പറഞ്ഞു. 

കല്‍പ്പനയുടെ ജീവിതവും ബഹിരാകാശ യാത്രയെ കുറിച്ചുണ്ടായിരുന്ന സ്വപ്‌നങ്ങളും പ്രകീര്‍ത്തിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും ഗ്രൂമാന്‍ കമ്പനി അറിയിച്ചു. 2003-ല്‍ കൊളംബിയ സ്‌പേസ് ഷട്ടിലിലെ മടക്ക യാത്രയ്ക്കിടെ ഉണ്ടായ അപകടത്തിലാണ് കല്‍പ്പന അന്തരിച്ചത്. കല്‍പ്പനയ്‌ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് യാത്രികരും അപകടത്തില്‍ മരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios