ഫെഡറൽ സൈന്യത്തെ വിന്യസിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിനെതിരെ ചിക്കാഗോ മേയറും ഇല്ലിനോയിസ് ഗവർണറും രംഗത്തെത്തി.  

ഷിക്കാഗോ: ഫെഡറൽ സൈന്യത്തെ വിന്യസിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിനിടെ കുടിയേറ്റക്കാർക്കെതിരെ നടപടികൾ കർശനമാക്കാൻ ചിക്കാഗോ. കുറ്റകൃത്യങ്ങളും അനധികൃത കുടിയേറ്റവും നിയന്ത്രിക്കാനാണ് സൈന്യത്തെ വിന്യസിക്കുന്നതെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നീക്കം. ഫെഡറൽ സൈന്യത്തെ നഗരത്തിലേക്ക് അയക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് എതിരെ ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസണും ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറും രംഗത്തെത്തി. 

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ, ചിക്കാഗോ നഗരത്തിന് മുന്നിൽ നിൽക്കുന്ന ഒരു ചിത്രം ട്രംപ് പങ്കുവെച്ചിരുന്നു. 'ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ' എന്ന് പെന്റഗണിനെ പുനർനാമകരണം ചെയ്തതിനെക്കുറിച്ചുള്ള സൂചനകളും ഈ ചിത്രത്തിലുണ്ടായിരുന്നു. ട്രംപ് ചിക്കാഗോക്കെതിരെ യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന് ഇല്ലിനോയിസ് ഗവർണർ പ്രിറ്റ്‌സ്‌കർ വിമർശിച്ചു. "ഇതൊരു സാധാരണ കാര്യമല്ല. ഡൊണാൾഡ് ട്രംപ് ശക്തനല്ല, മറിച്ച് ഭയചകിതനാണ്. സ്വേച്ഛാധിപതിയാകാൻ ആഗ്രഹിക്കുന്ന ഒരാളുടെ ഭീഷണിയിൽ ഭയപ്പെടില്ല," പ്രിറ്റ്‌സ്‌കർ എക്സിൽ കുറിച്ചു.

ട്രംപിന്റെ ഭീഷണികൾ രാജ്യത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന് ചിക്കാഗോ മേയർ ജോൺസൺ പറഞ്ഞു. നമ്മുടെ നഗരം കൈയടക്കി ഭരണഘടന തകർക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തെ ഈ സ്വേച്ഛാധിപത്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഷിക്കാഗോയെ ട്രംപിൽ നിന്ന് കാക്കണം എന്നും മേയർ ആഹ്വാനം ചെയ്തു.

കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ഷിക്കാഗോ അടക്കമുള്ള നഗരങ്ങളിൽ സൈന്യത്തെ വിന്യസിക്കാൻ ട്രംപ് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് മുന്നോടിയായി വാഷിംഗ്ടൺ ഡി.സി.യിലെ പോലീസ് വകുപ്പിനെ ഫെഡറൽ ഭരണത്തിന് കീഴിലാക്കിയിരുന്നു. 'കഴിവില്ലാത്ത' മേയർമാരാണ് തന്റെ നഗരങ്ങളിലുള്ളതെന്നും, കുറ്റകൃത്യങ്ങളും അനധികൃത കുടിയേറ്റവും നിയന്ത്രിക്കാനാണ് സൈന്യത്തെ വിന്യസിക്കുന്നതെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ന്യൂയോർക്കിനെയും സൈനിക ഭരണത്തിന് കീഴിലാക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.