ഇറാന്റെ എണ്ണയ്ക്കു മേലുള്ള ഉപരോധം നീക്കി, കൂടുതല്‍ എണ്ണ ഇന്ധനവിപണിയില്‍ എത്തിക്കാനാണ് അമേരിക്കയുടെ പുതിയ ശ്രമം. അമേരിക്കയുടെ ഈ ഇടപെടല്‍ ഇന്ത്യ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള എണ്ണ പ്രതിസന്ധി രൂക്ഷമായതിനിടെ, വിചിത്രമായ പരിഹാരമാര്‍ഗവുമായി അമേരിക്ക. ഇറാന്റെ എണ്ണയ്ക്കു മേലുള്ള ഉപരോധം നീക്കി, കൂടുതല്‍ എണ്ണ ഇന്ധനവിപണിയില്‍ എത്തിക്കാനാണ് അമേരിക്കയുടെ പുതിയ ശ്രമം. അമേരിക്കയുടെ ഈ ഇടപെടല്‍ ഇന്ത്യ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. ഇറാന്‍ ഊര്‍ജ്ജ കയറ്റുമതിയില്‍ വര്‍ഷങ്ങളായി യുഎസ് ഉപരോധം നിലനില്‍ക്കുന്നുണ്ട്.
ഉപരോധം കാരണം വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്ന ഇറാനിയന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധം വെള്ളിയാഴ്ചയാണ് യുഎസ് ട്രഷറി വകുപ്പ് താല്‍ക്കാലികമായി നീക്കിയത്. ഈ എണ്ണ വടക്കന്‍ കൊറിയ, ക്യൂബ, റഷ്യ പിടിച്ചടക്കിയ യുക്രെയ്ന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴികെ വില്‍ക്കാനാവും. മാര്‍ച്ച് 20 വരെ കപ്പലുകളില്‍ ലോഡ് ചെയ്ത എണ്ണയ്ക്കാണ് ഈ ലൈസന്‍സ് ബാധകം. ഇത് ഏപ്രില്‍ 19 വരെ പ്രാബല്യത്തിലുണ്ടാകുമന്നാണ് യുഎസ് ട്രഷറി ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞയാഴ്ച റഷ്യന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധം അമേരിക്ക ലഘൂകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി.
ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വ്യാഴാഴ്ച തന്നെ ഈ തീരുമാനത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ഉപരോധം നീക്കുന്നത് വഴി 140 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എണ്ണ വിപണിയില്‍ ലഭ്യമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഉപരോധം നീക്കുന്നതുകൊണ്ട് ഇറാനു വലിയ സാമ്പത്തിക നേട്ടമൊന്നും ലഭിക്കില്ലെന്ന് ബെസെന്റ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ഇങ്ങനെ എണ്ണ വില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനം ലഭ്യമാക്കുന്നതില്‍ ഇറാന്‍ ബുദ്ധിമുട്ടുമെന്ന് സ്‌കോട്ട് ബെസെന്റ് പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലേക്ക് പ്രവേശിക്കാനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുന്നതില്‍ പരമാവധി സമ്മര്‍ദ്ദം തുടരുമെന്നും ബെസെന്റ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇറാന്‍ എണ്ണയുടെ ഉപരോധം നീക്കുന്നത് ഇന്ധന വിപണിയെ എത്രമാത്രം സഹായിക്കുമെന്ന കാര്യത്തില്‍ അവ്യക്തതകളുണ്ട്. ഉപരോധം പരിമിതമായി നീക്കുന്നത് ആഗോള വിലയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ അമേരിക്കന്‍ ഉപരോധം വെട്ടിച്ച് എണ്ണയുടെ ഭൂരിഭാഗവും ഇറാന്‍ വില്‍ക്കുന്നത് ചൈനയ്ക്കാണ്. മാത്രമല്ല, കടലിലുള്ള ഇറാന്റെ ക്രൂഡ് ഓയിലിന്റെ ഭൂരിഭാഗവും ഇതിനകം വിറ്റതാണെന്നാണ് ഊര്‍ജ്ജ മേഖലയിലെ വിദഗ്ധര്‍ കരുതുന്നത്. അതോടൊപ്പം, അന്താരാഷ്ട്ര ബാങ്കുകള്‍ ഇറാന്‍ എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഉടന്‍ സുഗമമാക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. അതിനാല്‍, ഉപരോധം നീക്കിയാലും വിപണിയിലേക്ക് വലിയ തോതില്‍ ഇറാന്‍ എണ്ണ എത്തില്ലെന്നാണ് സൂചന. അമേരിക്ക ഇറാനില്‍ നിന്ന് എണ്ണ വാങ്ങാറില്ല.
ഉപരോധം നീക്കാനുള്ള തീരുമാനം ആഗോള എണ്ണവില കുറയ്ക്കാന്‍ ട്രംപ് ഭരണകൂടം ഏതറ്റം വരെയും പോകുമെന്നതിന്റെ സൂചനയാണ്. അമേരിക്കയില്‍ ഇന്ധനവില കൂടിവരുന്നത് ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ പ്രതിസന്ധി തീര്‍ക്കാനിടയുണ്ട്. ഇതാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് നിഗമനം.


