ജർമ്മനിയിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കാനുള്ള അമേരിക്കൻ തീരുമാനത്തിൽ നാറ്റോ സഖ്യം ആശങ്കയിലാണ്. യൂറോപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ ഇത് എന്ത് മാറ്റമുണ്ടാക്കുമെന്ന ചർച്ചകൾ സജീവമാണ്. ജർമ്മനിയിൽ നിലവിൽ 36,000 യുഎസ് സൈനികരുണ്ട്, ഇനിയും സൈനിക വിന്യാസം കുറയ്ക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.

ബെർലിൻ: ജർമ്മനിയിൽ നിന്നുള്ള യുഎസ് സൈനികരുടെ പിന്മാറ്റം പ്രതീക്ഷിച്ചതാണെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്ററിസ്. അമേരിക്കയുടെ നീക്കത്തിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്നും അദ്ദേഹം ഡിപിഎ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം അമേരിക്കയുടെ തീരുമാനത്തിൽ നാറ്റോ സഖ്യം കൂടുതൽ വ്യക്തത തേടിയിട്ടുണ്ട്. യൂറോപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ ഈ പിന്മാറ്റം എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്ന് നാറ്റോ അംഗങ്ങൾക്കിടയിൽ ചർച്ച നടക്കുകയാണ്.

സമാധാന ചർച്ചയ്ക്കിടെ ഇറാൻ നയതന്ത്രജ്ഞർ അമേരിക്കയെ നാണംകെടുത്തിയെന്ന ജർമ്മൻ ചാൻസലർ ഫ്രഡറിക് മെർസ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപ് ജർമ്മനിയിലെ സൈനികരെ പിൻവലിച്ചത്. ജർമ്മനിയിൽ അമേരിക്കയുടെ 36000 സൈനികരാണ് ഇപ്പോഴുള്ളത്. യൂറോപ്പിൽ തന്നെ ഏറ്റവുമധികം യുഎസ് സൈനികരുള്ളത് ജർമ്മനിയിലാണ്. 12000 പേരുള്ള ഇറ്റലിയും പതിനായിരം പേരുള്ള യുകെയുമാണ് തൊട്ടപിന്നിൽ. ഇനിയും സൈനിക വിന്യാസം കുറയ്ക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈനികരെ പിൻവലിക്കുമെന്നാണ് പ്രസിഡൻ്റ് പറയുന്നത്.

കഴിഞ്ഞ വർഷം, റൊമാനിയയിലെ സൈനികരെ കുറയ്ക്കാൻ യുഎസ് തീരുമാനിച്ചിരുന്നു. 32 അംഗ നാറ്റോ സഖ്യത്തിൽ അമേരിക്കയുടെ തീരുമാനം തങ്ങളുടെ കരുത്ത് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ്. സഖ്യത്തിന്റെ തുടർച്ചയായ ശിഥിലീകരണമാണ് ഏറ്റവും വലിയ ഭീഷണിയെന്നാണ് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം യൂറോപ്പിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് ശരിയല്ലെന്ന് അമേരിക്കയിലെ സെനറ്റർ റോജർ വിക്കർ പ്രതികരിച്ചിട്ടുണ്ട്.