ന്യൂയോർക്ക്:  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇമ്മിഗ്രേഷൻ വിലക്കിൻ്റെ വിശദാംശങ്ങൾ പുറത്തു വന്നു. സ്ഥിരതാമസരത്തിനുള്ള ഗ്രീൻ കാർഡ് അപേക്ഷകൾ അടുത്ത അറുപത്‌ ദിവസത്തേക്ക് അമേരിക്ക സ്വീകരിക്കില്ല. അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

കൊവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയി തൊഴിൽ നഷ്ടപ്പെടുന്ന അമേരിക്കക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നിയന്ത്രണം. അറുപത് ദിവസത്തിന് ശേഷം രാജ്യത്തെ സ്ഥിതിഗതികൾ പരിശോധിച്ച ശേഷം നിയന്ത്രണം നീട്ടുകയോ പിൻവലിക്കുകയോ ചെയ്യും - പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. അതേസമയം  ടൂറിസ്റ്റ്, H1B , സ്റ്റൂഡന്റ് എന്നീ താൽക്കാലിക വീസകൾക്കു പുതിയ നടപടി ബാധകമല്ല.

അദൃശ്യ ശത്രുവിന്റെ ആക്രമണത്തിൽ അമേരിക്കൻ പൗരന്മാരുടെ  ജോലി സംരക്ഷിക്കണം എന്നു പറഞ്ഞു കൊണ്ടാണ് അമേരിക്കയിൽ കുടിയേറ്റം താൽക്കാലികമായെങ്കിലും പൂർണമായി  നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. ട്രംപിൻ്റെ ഈ0 തീരുമാനം നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.  കൊവിഡിന്റെ മറവിൽ കുടിയേറ്റ നിരോധനം നടപ്പാക്കുകയാണ് ട്രംപ് ഭരണകൂടമെന്ന് വിമർശനമുയർന്നു കഴിഞ്ഞു. ഇതിനിടെ അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകൾ എട്ട് ലക്ഷം കടന്നു. 480 ബില്യൺ ഡോളറിന്റെ കൊവിഡ് സാമ്പത്തിക പാക്കേജ് സെനറ്റ് പാസ്സാക്കിയിട്ടുണ്ട്.