പാനമയിൽ ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ വീണ്ടും ഭൂചലനം. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിൻ്റെ ആശങ്ക വിട്ടുമാറും മുമ്പേയാണ് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

പാനമ സിറ്റി: പാനമയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിൻ്റെ ആശങ്ക വിട്ടുമാറും മുമ്പേ വീണ്ടും ശക്തമായ ഭൂചലനം. ലാ ട്രോണോസയിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്ക് മാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്. 6.0 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രാജ്യത്തിൻ്റെ തെക്കൻ തീരമേഖലയിൽ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി ഉടലെടുത്തിരുന്നു. ജനങ്ങൾ ഷോപ്പിങ് മാളുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ഭയന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഓടിമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പാനമ സിറ്റിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ്. യുഎസ് ജിയോളജിക്കൽ സർവേ ആദ്യം ഇതിന്റെ തീവ്രത 8.0 ആയിട്ടായിരുന്നു രേഖപ്പെടുത്തിയത്, പിന്നീട് ഇത് 7.6 ആയി പുതുക്കുകയായിരുന്നു. അതേസമയം 7.7 തീവ്രതയിലുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് മറ്റുള്ളവരുടെ റിപ്പോർട്ട്. പ്രധാന ഭൂചലനത്തിന് ശേഷം 5.8, 5.5, 5.2 തീവ്രതകളിലുള്ള ഉൾപ്പെടെ നാൽപ്പതിലധികം തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Scroll to load tweet…

ശക്തമായ കുലുക്കത്തെ തുടർന്ന് ഷോപ്പിങ് മാളുകളിൽ നിന്നും മറ്റ് കെട്ടിടങ്ങളിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്ക് ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടെലിവിഷൻ സംപ്രേഷണം തടസ്സപ്പെടുകയും ആളുകൾ തുറസ്സായ സ്ഥലങ്ങളിലും റോഡുകളിലും അഭയം തേടുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്. വെരാഗ്വാസ്, ഹെരേര, ലോസ് സാന്റോസ് എന്നീ പ്രവിശ്യകളിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെനോനോം നഗരത്തിലെ ഒരു കത്തീഡ്രലിന്റെ മണിഗോപുരം തകർന്നുവീണു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ തലയിൽ വീണ് ഒരാൾക്ക് പരിക്കേറ്റതുൾപ്പെടെ ചിലർക്ക് പരിക്കുകൾ പറ്റിയിട്ടുണ്ട്. ആറ് പ്രവിശ്യകളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു.

Scroll to load tweet…

അതേസമയം ഭൂചലനത്തിന്റെ തീവ്രത വളരെ കൂടുതലായിരുന്നിട്ടും നിലവിൽ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാനമ പ്രസിഡന്റ് റൗൾ മുലിനോ അറിയിച്ചു. ഭൂചലനത്തിന് പിന്നാലെ മധ്യ-തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു.