കൗതുകം നിറഞ്ഞതും ചിരിപ്പിക്കുന്നതുമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ജനല്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ വിമാനത്തിനുള്ളില്‍ സൃഷ്ടിച്ച കോലാഹലമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 

വിമാനത്തിന്‍റെ വിന്‍ഡോ ഷേഡ് തുറക്കാന്‍ ഒരാള്‍ ശ്രമിക്കുമ്പോള്‍ ഇത് തടയുന്ന മറ്റൊരു യുവാവ് വിന്‍ഡോ ഷേഡ് അടയ്ക്കുന്നു. ഇത് ആവര്‍ത്തിച്ച യുവാക്കള്‍ നിരവധി തവണ വിന്‍ഡോ ഷേഡ് തുറക്കുകയും അടക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. വിന്‍ഡോ തുറന്നാള്‍ വെളിച്ചം കൂടുതല്‍ അകത്തേക്ക് വരുമെന്ന് ഒരു യുവാവ് പറയുമ്പോള്‍ തനിക്ക് വിന്‍ഡോ തുറന്നിടുന്നതാണ് ഇഷ്ടമെന്നാണ് മറ്റെയാളുടെ പക്ഷം. പാസഞ്ചര്‍ ഷേമിങ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ഒറ്റ ദിവസം കൊണ്ട് നാലുലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. 2000 ത്തോളം കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു.