വാഷിങ്ടണ്‍: കപ്പലിന്‍റെ മുകളില്‍ നിന്നും വീല്‍ചെയറിനൊപ്പം കടലില്‍  പതിച്ച യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കപ്പലിലെ കലാകാരന്‍മാരായ കഷീഫ് ഹാമില്‍ട്ടണും റാന്‍ഡോള്‍ഫ് ഡോനോവാനും ചേര്‍ന്ന്  യുവതിയെ കടലില്‍ നിന്നും രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

യുഎസിലെ വെര്‍ജിന്‍ ദ്വീപുസമൂഹത്തിലെ സെന്‍റ് തോമസ് ദ്വീപ് സ്വദേശികളാണ് ഹാമില്‍ട്ടണും ഡോനോവാനും. ഓഗസ്റ്റ് 12 നാണ് കപ്പലില്‍ അതിഥിയായെത്തിയ യുവതി കടലിലേക്ക് പതിച്ചത്. യുവതി ഇരുന്ന വീല്‍ചെയര്‍ നിയന്ത്രണം തെറ്റി കടലിലേക്ക് വീഴുകയായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്നവര്‍ ബഹളം വച്ചതോടെയാണ് സംഭവം യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. വീല്‍ചെയറിന്‍റെ ഭാരം കൊണ്ട് കടലിലേക്ക് താഴ്ന്നുപോകുകയായിരുന്ന യുവതിയെ ഹാമില്‍ട്ടണും ഡോനോവാനും ചേര്‍ന്ന് സാഹസികമായാണ് രക്ഷപ്പെടുത്തിയത്. യുവതിയെ ശരീരത്തോട് ചേര്‍ത്തുകെട്ടി ഇവര്‍ മുകളിലേക്ക് നീന്തി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി മൂന്നുപേരെയും രക്ഷിക്കുകയായിരുന്നു. സിഎന്‍എന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.