വളര്‍ത്തുമൃഗങ്ങള്‍ വന്‍തോതില്‍ കാണാതാകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂച്ചകളെ കണ്ടെത്തിയത്.
ഹോചിമിന്‍ സിറ്റി: വിയറ്റ്നാമില്‍ കശാപ്പിനായി കൂടുകളില്‍ സൂക്ഷിച്ച അഞ്ഞൂറോളം വളര്‍ത്തുപൂച്ചകളെ പൊലീസ് രക്ഷപ്പെടുത്തി. വളര്‍ത്തുമൃഗ കള്ളക്കടത്ത് സംഘത്തില്‍പ്പെട്ട ഒമ്പത് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. മൂന്ന് വര്‍ഷമായി തെക്കന്‍ വിയറ്റ്നാമിലെ വിവിധ നഗരങ്ങളില്‍ നിന്ന് വളര്‍ത്തുപൂച്ചകളെ കെണിവെച്ച് പിടിച്ചതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.
ദിവസങ്ങള്‍ നീണ്ടുനിന്ന പരിശോധനക്കൊടുവിലാണ് പൂച്ചകളെ കണ്ടെത്തിയത്. ഇവയില്‍ നാല്‍പ്പതോളം പൂച്ചകളെ അവയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. മോശം സാഹചര്യങ്ങളില്‍ സൂക്ഷിച്ചിരുന്നതിനാല്‍ കുറേയധികം പൂച്ചകള്‍ ചത്തുപോയിട്ടുണ്ട്.
ഹോചിമിന്‍ സിറ്റിയില്‍ വളര്‍ത്തുമൃഗങ്ങള്‍ വന്‍തോതില്‍ കാണാതാകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂച്ചകളെ കണ്ടെത്തിയത്.45 കൂടുകളില്‍ അടച്ച നിലയില്‍ 400 പൂച്ചകളെയും, ഐസ് കട്ടകള്‍ നിറച്ച തെര്‍മോകോള്‍ ബോക്‌സുകളില്‍ സൂക്ഷിച്ച 80 ചത്ത പൂച്ചകളെയുമാണ് പൊലീസ് കണ്ടെത്തിയത്. മറ്റൊരു സ്ഥലത്തുനിന്നും 21 പൂച്ചകളെക്കൂടി കണ്ടെടുത്തു. അഞ്ഞൂറിലധികം പൂച്ചകളെയാണ് ഈയൊരു ഓപ്പറേഷനിലൂടെ പിടിച്ചെടുത്തത്.
രക്ഷപ്പെടുത്തിയ പൂച്ചകളില്‍ പലതും ഗര്‍ഭിണികളായിരുന്നു. ഇവയില്‍ ചിലവ പൊലീസ് കാവലില്‍ പ്രസവിച്ചു. കള്ളക്കടത്ത് സംഘങ്ങളുടെ പിടിയില്‍ നിന്ന് പ്രിയപ്പെട്ട പൂച്ചകളെ തിരികെ ലഭിച്ച പല കുടുംബങ്ങളും വികാരാധീനരായാണ് മടങ്ങിയത്. എന്നാല്‍ സ്വന്തം പൂച്ചകളെ കണ്ടെത്താനാകാത്ത നിരവധി പേര്‍ നിരാശരായി മടങ്ങി.
വിയറ്റ്നാമില്‍ പൂച്ചയുടെയും നായയുടെയും ഇറച്ചി കഴിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍ കച്ചവടക്കാര്‍ക്ക് കൃത്യമായ ലൈസന്‍സ് ഉണ്ടായിരിക്കണം. ഒപ്പം, മൃഗങ്ങളുടെ ഉറവിടം വ്യക്തമാക്കുകയും വേണം.


