വിയറ്റ്നാമീസ് സോഷ്യല്‍ മീഡിയയയില്‍ താരങ്ങളായി മാറിയ വളര്‍ത്തുപട്ടികളെയാണ് കൊവിഡിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ കൊന്നുകത്തിച്ചത്. ദമ്പതികള്‍ കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍, ഒപ്പമുണ്ടായിരുന്ന പട്ടികള്‍ രോഗം പടര്‍ത്തും എന്നാരോപിച്ചാണ് ഒരു സംഘം ഉദ്യോഗസ്ഥരെത്തി 12 വളര്‍ത്തു പട്ടികളെ കൊന്നു കത്തിച്ചത്. 

കൊവിഡ് രോഗം പകരുമെന്ന് കരുതി പ്രിയപ്പെട്ട 12 വളര്‍ത്തുപട്ടികളെ കൊന്നു കത്തിച്ച അധികൃതര്‍ക്ക് മധുരപ്രതികാരം നല്‍കി ദമ്പതികള്‍. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ലോകമെങ്ങുമുള്ള സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായ സംഭവത്തിലാണ് ഈ മധുരപ്രതികാരം. 12 പട്ടികളെ നഷ്ടപ്പെട്ടതിന് 15 പട്ടികളെ ദത്തെടുത്താണ്, അധികൃതരോട് ഇവര്‍ പ്രതികാരം വീട്ടിയത്. 

Scroll to load tweet…

വിയറ്റ്‌നാമിലാണ് സംഭവം. വിയറ്റ്നാമീസ് സോഷ്യല്‍ മീഡിയയയില്‍ താരങ്ങളായി മാറിയ വളര്‍ത്തുപട്ടികളെയാണ് കൊവിഡിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ കൊന്നുകത്തിച്ചത്. ദമ്പതികള്‍ കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍, ഒപ്പമുണ്ടായിരുന്ന പട്ടികള്‍ രോഗം പടര്‍ത്തും എന്നാരോപിച്ചാണ് ഒരു സംഘം ഉദ്യോഗസ്ഥരെത്തി 12 വളര്‍ത്തു പട്ടികളെ കൊന്നു കത്തിച്ചത്. കൊവിഡ് ബാധിച്ച് ആശുപത്രിയിലായ ഉടമകള്‍ അറിയാതെയാണ് പട്ടികളെ കൊല ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ അധികൃതരുടെ നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. 

വിയറ്റ്നാമിലെ ലോംഗ് ആന്‍സ് പ്രവിശ്യയില്‍ താമസിക്കുന്ന ഫാന്‍ മിന്‍ ഹുംഗ്, ഗയേന്‍ തിചിഎം ദമ്പതികള്‍ വളര്‍ത്തുന്ന 12 പട്ടികളെയാണ് കൊന്നുകളഞ്ഞത്. നാടെങ്ങും കൊവിഡ് പടര്‍ന്നു പിടിക്കുന്നുവെന്ന് കേട്ട് 2021 ഒക്‌ടോബര്‍ എട്ടാംതീയതി പ്രിയപ്പെട്ട വളര്‍ത്തുപട്ടികളുമായി 280 കിലോ മീറ്റര്‍ ദൂരെ കന്‍ ഹുംഗ് നഗരത്തില്‍ കഴിയുന്ന ബന്ധുവിന്റെ അടുത്തേക്ക് പുറപ്പെട്ടപ്പോഴായിരുന്നു സംഭവം. 


യാത്രയില്‍ തങ്ങളുടെ 12 പട്ടികളെയും അവര്‍ കൂടെക്കെൂട്ടിയിരുന്നു. ഗംഭീരമായിരുന്നു ആ യാത്ര. ബൈക്കിന്റെ പല ഭാഗത്തായി 12 പട്ടികളുമായുള്ള യാത്ര വഴിനീളെ ശ്രദ്ധപിടിച്ചു പറ്റി. ദീര്‍ഘമായ യാത്രയ്ക്കിടെ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായിരുന്നു. മഴ നനയാതിരിക്കാന്‍ റെയിന്‍ കോട്ടുകളണിയിച്ച് കൊണ്ടുപോവുന്ന പട്ടികള്‍ക്ക് ഒരുപാട് ആരാധകരുണ്ടായി. ഫോട്ടോകള്‍ വൈറലായതോടെ, പലരും വഴിമധ്യേ പട്ടികള്‍ക്ക് വെള്ളവും ഭക്ഷണവും മറ്റും നല്‍കാന്‍ കാത്തുനിന്നു. 

ദിവസങ്ങള്‍ക്കകം ഇവര്‍ ലക്ഷ്യസ്ഥാനത്തെത്തി. ദൂരസ്ഥലങ്ങളില്‍നിന്നും വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനാല്‍ ഇവര്‍ പരിശോധന നടത്തി. റിസല്‍റ്റ് പൊസിറ്റീവായിരുന്നു. തുടര്‍ന്ന് ഇവരെ സര്‍ക്കാര്‍ നടത്തുന്ന കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പട്ടികളെ അടുത്തുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലും സൂക്ഷിച്ചു. അസുഖം മാറി പുറത്തുവവരുന്നതിനിടെയാണ്, പട്ടികളെ അധികൃതര്‍ കൊന്നു കളഞ്ഞതായി ദമ്പതികള്‍ അറിഞ്ഞത്. 

''ഇത്തരമൊരു സംഭവം നടന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല. ഞങ്ങളുടെ മക്കളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലല്ലോ...''-എന്നായിരുന്നു ആശുപത്രിയില്‍നിന്നും ഒരു മാധ്യമത്തോട് പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞത്.

പട്ടികളെ കൊന്നുകളഞ്ഞതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ലോകവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് വാര്‍ത്ത പെട്ടെന്ന് നീക്കം ചെയ്തു. പട്ടികളെ കൊല ചെയ്ത ശേഷം കത്തിച്ചു കളഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏതറ്റം വരെ പോവുമെന്ന് കാണിക്കാനാണ് പട്ടികളെ കൊലചെയ്തതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

തുടര്‍ന്ന് ഇതിനെതിരെ വതിരെ വമ്പിച്ച പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഉടമസ്ഥര്‍ക്ക് കൊവിഡ് വന്നാല്‍ വളര്‍ത്തു മൃഗങ്ങളെ കൊന്നു കളയണമെന്ന വ്യവസ്ഥ ആരുണ്ടാക്കിയതാണ് എന്ന് സോഷ്യല്‍ മീഡിയ ചോദിച്ചു. മനുഷ്യരില്‍നിന്നും മൃഗങ്ങള്‍ക്ക് കൊവിഡ് വരാമെങ്കിലും, പരിശോധന നടത്തുകയയോ ഉടമസ്ഥരെ വിവരമറിയിക്കുകയോ ചെയ്യാതെ കൂട്ടക്കുരുതി നടത്തിയത് ക്രൂരതയും അക്രമവുമാണെന്ന് വിമര്‍ശനവും ഉയര്‍ന്നു. ഒന്നരലക്ഷം പേര്‍ ഒപ്പിട്ട പരാതി സര്‍ക്കാറിനു സമര്‍പ്പിച്ചു. 

തങ്ങളുടെ മക്കളെയാണ് ഒരു തെറ്റും ചെയ്യാതെ അധികൃതര്‍ കൊന്നുകളഞ്ഞതെന്നും ഇതിനെതിരെ പരാതിയുമായി മുന്നോട്ടു പോവുമെന്നും അറിയിച്ച ദമ്പതികളെ എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ശബ്ദരാക്കുകയായിരുന്നു. 

തുടര്‍ന്നാണ്, പട്ടിയിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍ കിട്ടുന്ന കടകളില്‍ നിന്നായി 15 പട്ടികളെ ഇവര്‍ വിലകൊടുത്തു വാങ്ങി വളര്‍ത്താന്‍ തുടങ്ങിയത്. ഇപ്പോള്‍ പുതിയ പട്ടികള്‍ക്കൊപ്പമാണ് ഇവരുടെ യാത്ര. സോഷ്യല്‍ മീഡിയയിലും പട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമായി ഇവര്‍ സജീവമാണ്.

ഈ പട്ടികളെ ഒന്നും ചെയ്യാന്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ അതിന് ശ്രമിച്ചാല്‍, ഏതറ്റം വരെയും പോവുമെന്നും ഒരു വിയറ്റ്ാമീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ ദമ്പതികള്‍ പറഞ്ഞു.