ലണ്ടന്‍ : ഫ്രഞ്ച് ദ്വീപിലെ വിജയ് മല്യയുടെ ആഢംബര കൊട്ടാരം വിറ്റ് കടം ഈടാക്കാന്‍ തീരുമാനിച്ച ബാങ്കിന് എട്ടിന്‍റെ പണി. ഫ്രഞ്ച് ദ്വീപായ ഇല്‍ സെയിന്ത് മാര്‍ഗുറീത്തിലാണ് മദ്യരാജാവ് വിജയ് മല്യയ്ക്ക് 17 കിടപ്പറകളുള്ള ആഢംബര കൊട്ടാരം ഉള്ളത്. എന്നാല്‍ ഇപ്പോള്‍ ജീര്‍ണിച്ച നിലയിലാണ് 1.3 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന ഈ പടുകൂറ്റന്‍ കൊട്ടാരം. വാസസ്ഥലത്തിന് പുറമേ സിനിമാ തീയറ്റര്‍, ഹെലിപാഡ്, നൈറ്റ് ക്ലബ്ബ് എന്നിവയും ഈ ദ്വീപില്‍ ഉണ്ട് ഉണ്ട്. എന്നാല്‍ നിലവില്‍ ഇവയുടെ എല്ലാം ഇപ്പോഴത്തെ അവസ്ഥ ബാങ്കിനെ ശരിക്കും വിഷമസന്ധിയിലാക്കിയിരിക്കുകയാണ്.

ഖത്തര്‍ നാഷണല്‍ ബാങ്കിന്‍റെ യൂണിറ്റുകളില്‍ ഒന്നായ ആന്‍സ്ബാഷര്‍ ആന്‍ഡ് കോയില്‍ നിന്നും 30 ദശലക്ഷം ഡോളര്‍ ലോണെടുത്താണ് മല്യ ഈ ദ്വീപിലെ ആഢംബര സൗധം വാങ്ങിയത്. ഇത് തിരിച്ചടയ്ക്കാന്‍ തയാറാകാത്തത് കാരണം ബാങ്ക് നിലവില്‍ മല്യയ്‌ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. കടം തിരിച്ചടയ്ക്കാനുള്ള അവധി നീട്ടി നല്‍കണം എന്ന് കാണിച്ച് മല്യ നല്‍കിയ അപേക്ഷ കണക്കിലെടുത്ത് ബാങ്ക് പ്രതിനിധികള്‍ വീട് സന്ദര്‍ശിച്ചിരുന്നു. 

എന്നാല്‍ ബാങ്കിന്‍റെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന കാഴ്ചകളാണ് ഫ്രഞ്ച് ദ്വീപില്‍ കണ്ടത്. പൂര്‍ണ്ണമായും നാശത്തിന്‍റെ വക്കില്‍ എത്തിയ കൊട്ടാരത്തിന്‍റെ മൂല്യത്തിന് ഇപ്പോള്‍ 10 മില്ല്യണ്‍ ഡോളറിന്‍റെ ഇടിവും സംഭവിച്ചിട്ടുണ്ടെന്നാണ് ബാങ്ക് പ്രതിനിധികള്‍ പറയുന്നത്. അതിനാല്‍ തന്നെ ബാങ്ക് നല്‍കിയ പണം മല്യയുടെ ഈ വീട് വിറ്റുകൊണ്ട് തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്ന് ബാങ്ക് പറയുന്നു.

ഇക്കാരണം കൊണ്ട്, മല്യയെക്കൊണ്ട് ഇംഗ്ലണ്ടിലുള്ള അയാളുടെ 50 മീറ്റര്‍ നീളമുള്ള സൂപ്പര്‍ യാട്ട് വില്‍പ്പനയ്ക്ക് വയ്ക്കാനാണ് ബാങ്ക് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് ലണ്ടനിലെ ഒരു കോടതിയില്‍ ബാങ്ക് ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്. 9000 കോടി രൂപയുടെ ലോണുകള്‍ തിരിച്ചടയ്ക്കാത്തതിനാല്‍ ഇന്ത്യയില്‍ നിയമനടപടികള്‍  നേരിടുന്ന വിജയ് മല്യ നിലവില്‍ ലണ്ടനിലാണ്. ഇയാളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.