വാഷിങ്ടൺ: അമേരിക്കയിലെ ഏറ്റവും ജനകീയനായ നേതാവായിരുന്നു മുൻ പ്രസിഡന്റ് ബരാക് ഒബാമ. ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിൽ വളരെയധികം ശ്രദ്ധപുലർത്തിയിരുന്നു മികച്ച പ്രസിഡ‍ന്റായിരുന്നു അദ്ദേഹം. കുട്ടികളെ വളരെയധികം ഇഷ്ടമുള്ള ഒബാമ പലവേദികളിലും കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ മൂന്ന് മാസം മാത്രം പ്രായമുള്ള കുട്ടിയെ കയ്യിലെടുത്ത് കൊഞ്ചിക്കുന്ന ഒബാമയുടെ വീഡിയോയാണ് സമൂഹമാധ്യങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

25 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കുട്ടിയെ വളരെ മനോഹരമായി കൊഞ്ചിപ്പിക്കുന്നതും കുട്ടിയോട് സംസാരിക്കുന്നതും കാണാം. ആൻഡ്രിയ ജോൺസ് ആണ് വീഡിയോ ട്വീറ്ററിൽ‌ പങ്കുവച്ചത്. ആൻഡ്രിയയുടെ മരുമകളെയാണ് ഒബാമ കൊഞ്ചിപ്പിക്കുന്നത്. ''പ്രസിഡന്റ് ഒബാമ തന്റെ മരുമകൾ റെയ്‍ലിയെ എടുത്ത് കൊഞ്ചിപ്പിച്ചു. ഹവായിൽ ​ഗോൾഫ് പരിശീലനത്തിനെത്തിയതായിരുന്നു അ​ദ്ദേഹം'', ആൻഡ്രിയ കുറിച്ചു.

ഹവായിലെ മറൈൻ കോർപ്പ് ബെയ്സ് കെനോയി ബെ ​ഗോൾഫ് കോഴ്സിൽ നിന്നാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. അമ്മയ്ക്കൊപ്പം സ്റ്റേഡിയത്തിന് സമീപം എത്തിയ റെയ്‍ലിയെ വളരെ യാദൃശ്ചികമായാണ് ഒബാമ കാണുന്നത്. പിന്നീട് കുഞ്ഞിന്റെ പേരൊക്കെ ചോദിച്ചറിഞ്ഞ് പതിവെ റെയ്‍ലിയെ കയ്യിലെടുത്ത് ഒബാമ ലാളിക്കുകയായിരുന്നു. ഒന്നര ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.

'വളരെ മനോഹരമായിരിക്കുന്നു', 'അദ്ദേഹത്തെ വളരെയധികം മിസ് ചെയ്യുന്നു', 'അദ്ദേഹം തന്നെ പ്രസിഡന്റ് ആയിരുന്നാൽ മതിയായിരുന്നു', 'കണ്ണീരലിയിക്കുന്ന ദൃശ്യങ്ങൾ' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി പേർ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.