വാഷിംഗ്ടൺ: ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വ്യാപാര ഇടപാടില്‍ ഇന്ത്യ അമേരിക്കയെ കാര്യമായി പരിഗണിക്കുന്നില്ലെന്ന വിമർശനമാണ് ട്രംപ് ഉന്നയിച്ചത്. ജോയിന്റ് ബേസ് ആൻഡ്രൂസില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്‍റെ പ്രതികരണം.

ഞങ്ങൾ ഇന്ത്യയുമായി വലിയൊരു വ്യാപാര ഇടപാട് നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുമോ എന്ന് എനിക്കറിയില്ല. യുഎസ്-ഇന്ത്യ വ്യാപാര ബന്ധത്തിൽ നമ്മളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഫെബ്രുവരി 24, 25 തീയതികളിലാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന യുഎസ് ട്രേഡ് പ്രതിനിധി റോബർട്ട് ലൈറ്റ്ഹൈസർ പ്രസിഡന്റ് ട്രംപിനൊപ്പം ഇന്ത്യയിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാപാര ഇടപാടിലെ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ഇന്ത്യന്‍ സന്ദര്‍ശനത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. 70 ലക്ഷം ആളുകള്‍ ഗുജറാത്തില്‍ സ്വീകരിക്കാനുണ്ടാകുമെന്നാണ് മോദി പറഞ്ഞത്. ഇത് വളരെ ആവേശകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.