ആ യാത്ര ക്ലേശകരമായിരിക്കുമെന്ന് അവളോട് പറഞ്ഞിരുന്നു. എന്നാല്‍ '' ഞാന്‍ ഇപ്പോള്‍ പോയില്ലെങ്കില്‍ ഭാരിച്ച കടക്കെണിയില്‍പ്പെട്ട് കുടുംബം കഷ്ടപ്പെടും'' എന്നായിരുന്നു അവളുടെ മറുപടി.  

എസ്സെക്സ്: പോകരുതെന്ന് അവളെ വിലക്കിയതാണ്, എന്നാല്‍ കടങ്ങള്‍ വീട്ടണമെന്ന ഭാരിച്ച ഉത്തവാദിത്വം ഏറ്റെടുത്ത മകളെ തടയാനായില്ലെന്ന് വിതുമ്പുകയാണ് ലണ്ടനില്‍ ട്രക്കിനുള്ളില്‍ ശ്വാസം മുട്ടി മരിച്ച പെണ്‍കുട്ടിയുടെ കുടുംബം. ഫാം തി ത്രാ മെ എന്ന വിയറ്റ്നാം സ്വദേശിയായ 26 കാരിയുമുണ്ടായിരുന്നു ആ കണ്ടെയ്നറിനുള്ളില്‍ എന്നാണ് പുറത്തുവരുന്ന വിവരം.

അനധികൃതമായുള്ള ആ യാത്രയില്‍ അവള്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞിരുന്നത് 27,29,512 രൂപയാണ്(30000 പൗണ്ട്). ആ യാത്ര വേണ്ടെന്ന് പിതാവ് ഫാം വാന്‍ തിന്‍ അവളെ വിലക്കിയതായിരുന്നു. ബന്ധുക്കളും അവളെ തടയാന്‍ ശ്രമിച്ചു.

ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ അവള്‍ക്ക് ആ യാത്ര ക്ലേശകരമായിരിക്കുമെന്ന് അവളോട് പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. എന്നാല്‍ '' ഞാന്‍ ഇപ്പോള്‍ പോയില്ലെങ്കില്‍ ഭാരിച്ച കടക്കെണിയില്‍പ്പെട്ട് കുടുംബം കഷ്ടപ്പെടും'' എന്നായിരുന്നു അവളുടെ മറുപടി. 

''അതുകൊണ്ട് ആ കഠിനമായ വഴി തെരഞ്ഞെടുക്കാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു'' ബന്ധുക്കള്‍ പറഞ്ഞു. ''ഈ വഴിയാണ് എന്‍റെ മകള്‍ പോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ അവളെ അയക്കില്ലായിരുന്നുവെന്ന് വാന്‍ തിന്‍ കൂട്ടിച്ചേര്‍ത്തു. 

തനിക്ക് ശ്വസിക്കാനാകുന്നില്ലെന്നായിരുന്നു അവള്‍ ഒടുവിലായി കുടുംബത്തിനയച്ച സന്ദേശം. " എന്നോട് പൊറുക്കണം അമ്മാ.. . ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. ഒട്ടും ശ്വാസമെടുക്കാൻ പറ്റുന്നില്ലമ്മാ...! ഞാനിപ്പോള്‍ മരിച്ചുപോകും, സത്യം.'' എന്നായിരുന്നു ആ സന്ദേശം. 

പിന്നീട് അവര്‍ക്ക് അവളുടെ ശബ്ദം കേള്‍ക്കാനോ സന്ദേശം കൈപ്പറ്റാനോ ആയിട്ടില്ല. മരിച്ച എട്ട് സ്ത്രീകളിലൊന്ന് ഫാം തി തന്നെയാണെന്ന് ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. എട്ട് സ്ത്രീകളും 31 പുരുഷന്മാരുമാണ് ട്രക്കില്‍ ഉണ്ടായിരുന്നത്.