പലസ്തീനികള്‍ക്ക് സ്വന്തമായി രാഷ്ട്രം വേണമെന്ന് താൽപ്പര്യമില്ല. പകരം ജൂതന്മാരെയും ഇസ്രായേലിനെയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷാരൻ ഹസ്കെൽ
ടെല്‍ അവീവ്: ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനെ കുറ്റപ്പെടുത്തി ഇസ്രായേല്‍ എംപി. നാഷണൽ യൂണിറ്റി പാർട്ടി നേതാവായ പാർലമെന്റ് അംഗം ഷാരൻ ഹസ്കെൽ ആണ് ഇറാനെതിരെ ആഞ്ഞടിച്ചത്.
"നമുക്ക് പാമ്പിന്റെ തല വെട്ടണം. അതായത് ഇറാന്‍റെ. ഇസ്രയേൽ ഒറ്റക്കെട്ടാണ്. ഞങ്ങൾ സർക്കാരിനൊപ്പമാണ്. ഹമാസിന്‍റെ കാര്യത്തില്‍ തീരുമാനമാകും"- ഹസ്കെല്‍ പറഞ്ഞു.
ദ്വിരാഷ്ട്രമെന്ന പരിഹാരത്തെ കുറിച്ചുള്ള ചോദ്യത്തിന് ഹസ്‌കെലിന്‍റെ മറുപടിയിങ്ങനെ- "പലസ്തീനികള്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്ന് താൽപ്പര്യമില്ല. പകരം ജൂതന്മാരെയും ഇസ്രായേലിനെയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു."
കോളമിസ്റ്റ് ലിറ്റാൾ ഷെമേഷും ഹസ്‌കലിന്റെ അഭിപ്രായം ആവര്‍ത്തിച്ചു. തീവ്രവാദത്തിന്‍റെ സ്പോണ്‍സര്‍ എന്നാണ് അവര്‍ ഇറാനെ വിമര്‍ശിച്ചത്. ഇസ്രയേലിന്‍റെ ഇന്റലിജൻസ് പരാജയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നു. പക്ഷേ സർക്കാർ നിലവിൽ ഭീകരത ഇല്ലാതാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ലിറ്റാൾ ഷെമേഷ് പറഞ്ഞു.
ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെ വെളിപ്പെടുത്തിയിരുന്നു. പലസ്തീന്‍റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ഇറാന്‍റെ പ്രതികരണം. ഇസ്രയേലിനെതിരെ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഹമാസ് പ്രതിനിധികളുമായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സംസാരിച്ചെന്ന് ഇറാന്‍റെ ഔദ്യോഗിക മാധ്യമ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മൂന്ന് ദിവസമായിട്ടും ഹമാസ് ഭീഷണിയിൽ നിന്ന് ഇസ്രയേൽ മുക്തമായിട്ടില്ല. ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഹമാസിന്റെ പിടിയിലുള്ള 130ലേറെ ബന്ദികളെ ജീവനോടെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വഴിമുട്ടി. 95 ലക്ഷത്തോളം ഇസ്രയേലികൾ മൂന്നാം ദിവസവും വീടുകൾക്ക് ഉള്ളിൽ ഭീതിയോടെ കഴിയുകയാണ്. ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം കടുത്തതോടെ പ്രാണരക്ഷാർത്ഥം വീടുവിട്ടവരുടെ എണ്ണമാകട്ടെ ഒന്നേകാൽ ലക്ഷം കടന്നു. 450 പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്.
