വാഷിംഗ്ടണ്‍: മൂന്ന് വയസുകാരി ഷെറിൻ മാത്യൂസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലയാളിയായ വളർത്തച്ഛൻ വെസ്‍ലി മാത്യൂസിന് അമേരിക്കന്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചുകഴിഞ്ഞു. വെസ്‍ലി മാത്യൂസിനെതിരായ കൊലക്കുറ്റം ശരിവച്ച ഡാലസ് കോടതി 30 വര്‍ഷത്തേക്ക് പരോളില്ലാത്ത ജീവപര്യന്തമാണ് വിധിച്ചത്. കോടതിമുറിയില്‍ ശിക്ഷാവിധി കേള്‍ക്കുമ്പോള്‍ മാത്യൂസ് മുഖമുയര്‍ത്തി ന്യായാധിപന്‍മാരെ നോക്കിയില്ലെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 12 അംഗ വിധികര്‍ത്താക്കളുടെ സമിതിയാണ് മാത്യൂസിന്‍റെ ശിക്ഷ വിധിച്ചത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞതുമുതല്‍ മാത്യൂസും ഭാര്യ സിനി മാത്യൂസും നിരത്തിയ കള്ളങ്ങളെല്ലാം കോടതിമുറിയില്‍ ഖണ്ഡിക്കപ്പെട്ടു.

2016 ല്‍ ബിഹാറിലെ അനാഥാലയത്തില്‍ നിന്നാണ് ഷെറിനെ മലയാളികളായ അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുത്തത്. 2017 ഒക്ടോബറിലാണ് ഷെറിനെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം ലഭിച്ചതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം വെളിച്ചത്തുവന്നത്. മാത്യൂസ് ദമ്പതികള്‍ക്ക് മകള്‍ പിറന്നതോടെയാണ് ഷെറിന്‍ ഇവര്‍ക്ക് പ്രശ്നമായി മാറിയത്. സ്വന്തം കുഞ്ഞ് പിറന്നതോടെ  ദത്തെടുത്ത കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ഷെറിനും സ്വന്തം കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടില്‍ ലഭിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഷെറിനെ ദത്തെടുത്ത മലയാളി ദമ്പതികള്‍ ബോധപൂര്‍വ്വം കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടാണ് കേസന്വേഷണത്തില്‍ ഏറ്റവും നിര്‍ണായകമായത്.  ദമ്പതികള്‍ ഷെറിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ക്രൂരമായ ശാരീരിക പീഡനം ഷെറിന്‍ ഏറ്റുവാങ്ങിയതിന്റെ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടര്‍ന്നാണ് ഷെറിന്‍ മരിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തിയിരുന്നു.

കേസില്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായതോടെ കോടതിയില്‍ മാത്യൂസ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചിരുന്നു. ചെറിയ ശിക്ഷ ലഭിക്കാനായിരുന്നു ഈ ഏറ്റുപറച്ചില്‍. പാല് കുടിക്കാത്തതിനാല്‍ ഷെറിനെ ശിക്ഷിച്ചുവെന്നായിരുന്നു പറഞ്ഞത്. ബോധപൂര്‍വ്വമുള്ള കൊലപാതകത്തിനുള്ള ശിക്ഷ ലഭിക്കാതിരിക്കാനായിരുന്നു ഇതെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷതന്നെ മാത്യൂസിന് വിധിച്ചുകഴിഞ്ഞു. ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ പോകാനുള്ള തീരുമാനത്തിലാണ് വെസ്‍ലി. കേസിൽ വളർത്തമ്മ സിനി മാത്യൂസിനെ പതിനഞ്ച് മാസത്തിന് ശേഷം ജയിലിൽ നിന്ന് അടുത്തിടെ മോചിപ്പിച്ചിരുന്നു. 
കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ 20 വര്‍ഷം വരെ തടവ് ലഭിക്കേണ്ട കുറ്റമായിരുന്നു സിനിക്കെതിരെ ചുമത്തിയിരുന്നത്.