ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപേ തന്നെ മോദിയും ഇന്ത്യൻ പ്രതിനിധി സംഘവും ബാലി ഉച്ചകോടി പ്രഖ്യാപനത്തിൽ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്...(മുൻ ഇന്ത്യൻ അംബാസഡറും വിദേശകാര്യ നയതന്ത്ര വിദഗ്ധനുമായ ടി പി ശ്രീനിവാസൻ എഴുതുന്നു)
യുഎൻ രക്ഷാ സമിതി ഉൾപ്പെടെയുള്ള പല ബഹുമുഖ സംഘടനകളിലും നേതൃസ്ഥാനം കൈമാറുന്നത് അക്ഷരമാലാക്രമം അനുസരിച്ചാണ്. ഈ രീതിയിലൂടെ ചിലപ്പോഴെങ്കിലും എല്ലാം ഒത്തിണങ്ങി വരും- ശരിയായ രാജ്യവും തലവനും സ്ഥലവും സമയവും എല്ലാം. ഇപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയുടെ അധ്യക്ഷപദം ഏറ്റെടുക്കുന്നത് ഈ ഒത്തുചേരലിൻ്റെ ഒരു മികച്ച ഉദാഹരണമാണ്.
ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപേ തന്നെ മോദിയും ഇന്ത്യൻ പ്രതിനിധി സംഘവും ബാലി ഉച്ചകോടി പ്രഖ്യാപനത്തിൽ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ നേതൃത്വം പല സന്ദർഭങ്ങളിലായി പങ്കുവച്ച കാര്യങ്ങളാണ് ബാലി പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയ പല ആശയങ്ങളും. ഇതിനൊരു കാരണവുമുണ്ട്. ബാലിയിൽ നടന്ന ഉച്ചകോടിയിൽ ഏറ്റവും ഗൗരവത്തോടെ ചർച്ച ചെയ്ത വിഷയത്തിൽ എന്നും നിക്ഷ്പക്ഷമായ നിലപാട് കൈക്കൊണ്ട രാജ്യമായിരുന്നു ഇന്ത്യ.
ശത്രുത ഒഴിവാക്കാനും സന്ധിസംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് ബാലി ഉച്ചകോടിയിൽ എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടത്. തുടക്കം മുതലേ ഇന്ത്യ പിന്തുടർന്ന കാഴ്ചപ്പാടും ഇത് തന്നെയാണ്. പ്രസിഡന്റ് പുടിൻ പങ്കെടുക്കാതിരുന്ന ഉച്ചകോടിയിൽ റഷ്യയുടെ വിദേശകാര്യ മന്ത്രി ഏറെക്കുറെ ഒറ്റപ്പെട്ടുപോയി. ഉക്രെയ്‌നിലെ ദിവസങ്ങൾ നീണ്ട സംഭവവികാസങ്ങൾക്ക് ശേഷം നയതന്ത്ര തലത്തിൽ പഴി ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ആളായി മാറി അദ്ദേഹം, പ്രത്യേകിച്ചും ഖേഴ്‌സണിൽ നിന്നുള്ള റഷ്യൻ സേനാ പിന്മാറ്റത്തിന് ശേഷം.
ജി 20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതോടെ, യുദ്ധങ്ങൾ ഒഴിവാക്കാൻ ആഗോളതലത്തിൽ നടക്കുന്ന ശ്രമങ്ങളുടെ കേന്ദ്രം ഇനി ഇന്ത്യയാകും. രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയത്തെ സഹായിക്കുന്നതോടൊപ്പം മധ്യസ്ഥ നിലയിൽ പ്രവർത്തിക്കാനും നമുക്ക് കഴിയും. അമേരിക്കയും നാറ്റോയും വരെ സന്ധിസംഭാഷണങ്ങൾക്കായി ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കും. പക്ഷേ, ഇത് അപകടം പിടിച്ച വഴിയാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഏത് പരാജയത്തിൻ്റെയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ഇന്ത്യയുടെ നീക്കങ്ങൾ എന്നും ജാഗ്രതയോടെ വീക്ഷിക്കുന്ന ചൈന അന്താരാഷ്ട്ര തലത്തിൽ നമ്മുടെ രാജ്യത്തിന് ലഭിക്കുന്ന ഏത് നേട്ടവും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടരും എന്നുറപ്പ്. ചുരുക്കത്തിൽ, ഒട്ടും എളുപ്പമല്ലാത്ത ഈ ജോലി ഏറ്റെടുക്കുന്നതോടെ "മഹാഗുരു" എന്ന് സ്വയം പ്രഖ്യാപിച്ച ഇന്ത്യയ്ക്ക് ഇനി അഗ്നിപരീക്ഷകളുടെ തുടക്കമാണ്.
ബാലിയിൽ വിജയം ഷി ജിൻപിങ് തന്നെ നേടി എന്ന് പറയാം. ഒരു ആയുഷ്കാല നേതാവിൻ്റെ പ്രതാപത്തോടെയാണ് ജിൻപിങ് അന്താരാഷ്‌ട്ര രംഗത്തേയ്ക്ക് തിരിച്ചുവന്നത്. മഹാമാരിയെത്തുടർന്ന് മൂന്ന് വർഷത്തോളം നീണ്ട, സ്വയം പ്രഖ്യാപിത ഏകാന്തവാസം അവസാനിപ്പിക്കാൻ ജിൻപിങ് തിരഞ്ഞെടുത്തത് ബാലി ഉച്ചകോടിയാണ്. ചൈനീസ് പ്രസിഡന്റിനോട് സംസാരിക്കാനും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാനും എല്ലാ ലോകനേതാക്കളും പ്രത്യേകം ശ്രദ്ധിച്ചു. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള പ്രതിഷേധവും തായ്‌വാൻ കടലിടുക്കിലെ സംഘർഷാവസ്ഥയും നിലനിൽക്കെ തന്നെ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ജിൻപിങ് നടത്തിയ ചർച്ചകൾ സൃഷ്ടിച്ച പ്രസാദാത്മകമായ അന്തരീക്ഷം ഉച്ചകോടി അവസാനിക്കും വരെ നിലനിന്നു. എങ്കിലും സ്വന്തം രാജ്യങ്ങളുടെ പ്രശ്നങ്ങളും പരാതികളും ചൈനീസ് പ്രസിഡന്റിനെ നേരിട്ട് അറിയിക്കാനും നേതാക്കൾക്ക് കഴിഞ്ഞു.
2016-ന് ശേഷം ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ആദ്യത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായ ആൻറണി അൽബനീസ്, "പോസിറ്റീവ് ആൻഡ് കൺസ്ട്രക്റ്റീവ്" എന്നാണ് ആ ചർച്ചയെ വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയൻ പൗരന്മാരുടെ തടങ്കലും ഷിൻജിയാങ്ങിലെ ഉയിഗൂർ സമുദായം നേരിടുന്ന മനുഷ്യാവകാശ ലംഘനവും സംഭാഷണത്തിനിടയിൽ എടുത്തുപറയാനും അൽബനീസിന് കഴിഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ജിൻപിങ്ങിനോട് ആവശ്യപ്പെട്ടത്, ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സന്ധിസംഭാഷണം നടത്താൻ പുടിനെ പ്രേരിപ്പിക്കണം എന്നതായിരുന്നു. അടുത്ത വർഷം, കോവിഡ് നിയന്ത്രണങ്ങൾ അനുവദിക്കുമെങ്കിൽ ചൈന സന്ദർശിക്കാൻ താൽപര്യമുണ്ടെന്നും മാക്രോൺ പറഞ്ഞു. ജിൻപിങ്ങും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായുള്ള ആദ്യ കൂടിക്കാഴ്ചയും ബാലിയിൽ നടന്നു. സംഭാഷണത്തിൻ്റെ വിശദാംശങ്ങൾ മീഡിയെ അറിയിച്ചതിൽ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരസ്യമായി ശാസിക്കാനും ജിൻപിങ് മടിച്ചില്ല. വീണ്ടും ചർച്ച നടത്താമെന്ന ട്രൂഡോയുടെ നിർദേശം ചൈനീസ് നേതാവ് തള്ളിക്കളഞ്ഞു. ഇനിയുള്ള സംഭാഷണത്തിന് അനുകൂലമായ സാഹചര്യം ഒത്തുവരണം എന്നാണ് ജിൻപിങ് മറുപടി നൽകിയത്.
ജിയോപോളിറ്റിക്സ് ആയിരുന്നു സമ്മിറ്റിലെ പ്രധാന വിഷയം. പക്ഷേ ഇന്തോനേഷ്യയുടെ പ്രതിനിധികളുടെ ആവശ്യം, ഭക്ഷണവും ഊർജ സുരക്ഷയും കാലാവസ്ഥാ വെല്ലുവിളികളും കൂടുതൽ ചർച്ച ചെയ്യപ്പെടണമെന്നായിരുന്നു.
ജിൻപിങ്- ബൈഡൻ കൂടിക്കാഴ്ചയായിരുന്നു ആദ്യ ദിവസത്തെ പ്രധാന പരിപാടി. രണ്ടാം ദിവസമായപ്പോൾ ജി സെവൻ ഉച്ചകോടിയുടെ പ്രത്യേക യോഗം പോലെയായി സമ്മിറ്റ്. പോളണ്ട് -യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ മിസൈൽ പതിച്ച് രണ്ടുപേർ കൊല്ലപ്പെട്ട വാർത്ത ചർച്ച ചെയ്ത് നേതാക്കൾ കൂട്ടം കൂടിയിരുന്നു. വീണത് ഉക്രെയ്നിൻ്റെ ആയുധ നിർമാണശാലയിൽ നിന്നുള്ള മിസൈലാണ് എന്ന് ഒടുവിൽ അറിഞ്ഞപ്പോൾ സമാധാനമായത് റഷ്യൻ പ്രതിനിധിക്കാണ്.
റഷ്യയുടെ യുദ്ധനീക്കത്തെ അപലപിക്കുന്നതായിരുന്നു ബാലിയിലെ സംയുക്ത പ്രഖ്യാപനം. യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തതും പ്രഖ്യാപനം ഓർമപ്പെടുത്തി.
“ഭൂരിഭാഗം രാജ്യങ്ങളും യുക്രെയിലെ യുദ്ധത്തെ ശക്തമായി അപലപിക്കുന്നു, ഇത് മനുഷ്യന് വലിയ കഷ്ടപ്പാടുകള്‍ സൃഷ്ടിക്കുകയും ആഗോള സമ്പദ് വ്യവസ്ഥയുടെ നിലവിലുള്ള ദുര്‍ബലതകൾ വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പ്രഖ്യാപനം ഊന്നിപ്പറഞ്ഞു- വികസനം മുരടിക്കും, നാണ്യപ്പെരുപ്പം വർധിക്കും, ആഗോള വിതരണ ശൃംഖലകളെയും ഊർജ-ഭക്ഷ്യ സുരക്ഷയെയും ബാധിക്കും, ,സാമ്പത്തിക സ്ഥിരതയ്ക്ക് പ്രശ്നം സൃഷ്ടിക്കും. നിലവിലെ സാഹചര്യങ്ങളെയും അനുമതികളെയും കുറിച്ച് വിഭിന്നങ്ങളായ അഭിപ്രായങ്ങളും വിശകലനങ്ങളും ഉണ്ടായിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു വേദിയല്ല ജി 20 എന്ന് അറിഞ്ഞുകൊണ്ടുതന്നെ ആഗോള സമ്പദ് വ്യവസ്ഥയിൽ സുരക്ഷാ പ്രശ്നങ്ങൾ കനത്ത ആഘാതം സൃഷ്ടിക്കുമെന്ന കാര്യം ഞങ്ങൾ പ്രഖ്യാപനം ചെയ്യുന്നു."
ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെയും മോദിയുടെയും പങ്കാളിത്തം പ്രശംസനീയം; അഭിനന്ദിച്ച് വൈറ്റ്ഹൗസ്
കാലാവസ്ഥ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജി 20 നേതാക്കൾ പറഞ്ഞത് ഇത്ര മാത്രം - ആഗോളതലത്തിൽ ശരാശരി താപമാനം 1.5 സെൽഷ്യസിൽ കൂടുതലാകാതെ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കും, കൽക്കരിയുടെ ഉപയോഗം പടിപടിയായി കുറയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കും.
സമ്മിറ്റിൻ്റെ ഭാഗമായ 'ഫാമിലി ഫോട്ടോ' ഇത്തവണ ഉണ്ടായില്ല. റഷ്യയുടെ സാന്നിധ്യം സൃഷ്ടിച്ച അസ്വസ്ഥയാണ് ലോകനേതാക്കളെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർഗി ലാവ്‌റോവ് ഇരിക്കുമ്പോഴാണ് ഉച്ചക്കോടിയെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, റഷ്യയെ ഒഴിവാക്കിക്കൊണ്ട് ‘ജി20’ യെ ‘ജി19’ എന്ന് വിശേഷിപ്പിച്ചത്. റഷ്യയെ അപലപിക്കുന്ന പല പ്രമേയങ്ങളിൽ നിന്നും വിട്ടുനിന്ന ഇന്ത്യയും ചൈനയും പോലും റഷ്യയ്‌ക്കെതിരെയുള്ള വിമർശനങ്ങൾ ലഘൂകരിക്കാൻ ശ്രമിച്ചില്ല.
ചൈനീസ് പ്രസിഡന്റ് ഷി ജിൻസെങ്ങുമായുള്ള ബൈഡൻ്റെ ആദ്യ കൂടിക്കാഴ്ച, രണ്ട് സൂപ്പർ പവറുകൾ തമ്മിലുള്ള ബന്ധം 'റീസെറ്റ്' ചെയ്യുന്നതിൻ്റെ തുടക്കമായി എന്ന സൂചനയാണ് നൽകിയത്. ചൈന തായ്‌വാനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കാൻ ഒരു കാരണവും തനിക്കില്ല എന്ന് പറഞ്ഞ് പ്രാദേശിക തലത്തിലെ സംഘർഷത്തിന് അയവ് വരുത്താൻ ബൈഡന് കഴിഞ്ഞു. എങ്കിലും, തായ്‌വാനിൽ ഈയിടെ ചൈന നടത്തിയ പ്രകോപനപരമായ സൈനികാഭ്യാസങ്ങളെ വിമർശിക്കാനും ബൈഡൻ മടിച്ചില്ല. അതിനൊപ്പം തന്നെ, 'ഒരേയൊരു ചൈന' എന്ന നയത്തിൽ നിന്ന് വാഷിംഗ്ടൺ പിന്നോട്ടുപോയിട്ടില്ല എന്ന് എടുത്തുപറഞ്ഞ് ജിൻസിങ്ങിനെ പ്രീണിപ്പിക്കാനും ബൈഡൻ ശ്രദ്ധിച്ചു. "ആഴത്തിലുള്ളതും ഉള്ളുതുറന്നതുമായ ഈ സംഭാഷണം വളരെ സൃഷ്ടിപരമായിരുന്നു " എന്നാണ് ചൈനയുടെ ഔദ്യോഗിക കുറിപ്പിൽ പറഞ്ഞത്; ഏകാഭിപ്രായമുള്ള മേഖലകൾ കൂടുതൽ മെച്ചപ്പെടുത്താൻ രണ്ട് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കൂട്ടായി പ്രവർത്തിക്കുമെന്നും ചൈന അറിയിച്ചു. കഴിഞ്ഞ മാസങ്ങൾ സൃഷ്ടിച്ച വിദ്വേഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മുന്നോട്ടുള്ള വലിയൊരു കാൽവെയ്പാണ്.
നയതന്ത്ര തലത്തിൽ ഋഷി സുനക്കിൻ്റെ അരങ്ങേറ്റം ശരാശരി വിജയമായിരുന്നു. സ്വന്തം രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ പ്രത്യേകിച്ചും. ഉക്രെയിനിൽ റഷ്യ നടത്തിയ കടന്നാക്രമണത്തെ അപലപിച്ച സുനക്കിൻ്റെ വാക്കുകളും ലാവ്‌റോവിൻ്റെ നേരെയുള്ള നോട്ടവും കീവിൽ നല്ല പ്രതികരണം സൃഷ്ടിച്ചിട്ടുണ്ടാകും. ഷി ജിൻസിങ്ങുമായി നടക്കേണ്ട സുനാക്കിൻ്റെ കൂടിക്കാഴ്‌ച സമയക്കുറവ് മൂലം വേണ്ടെന്നുവച്ചു, എങ്കിലും ചൈനീസ് നേതാവിനെ കാണാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ താല്പര്യം ഒരു കാര്യം വ്യക്തമാക്കി - ബീജിംഗിനോട് തൻ്റെ മുൻഗാമി സ്വീകരിച്ച കടുത്ത നിലപാടിൽ നിന്നും ഏറെ ദൂരെയാണ് സുനക്കിൻ്റെ നയം, ഉച്ചകോടി പിന്തുടർന്ന "കടുത്ത രീതിയിൽ ഏറ്റുമുട്ടാത്ത ശൈലി" തന്നെയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയോടുള്ള സമീപനത്തിൽ സുനക്ക് സ്വീകരിച്ചതും.
52 ഖണ്ഡികകളുള്ള ഉച്ചകോടി പ്രഖ്യാപനത്തിൻ്റെ ഏറെ ഭാഗവും ആഗോളതലത്തിലുള്ള പ്രശ്നങ്ങളും അവയുടെ പ്രതിവിധികളും വിശദീകരിക്കാനാണ് മാറ്റിവച്ചിരിക്കുന്നത്. എങ്കിലും അവയെല്ലാം കടമപ്രകാരമുള്ള പ്രഖ്യാപനങ്ങൾ അല്ലാതെ മറ്റൊന്നുമല്ല. മഹാമാരിയും ആഗോള സാമ്പത്തിക രംഗത്ത് യുദ്ധം സൃഷ്ടിച്ച താളപ്പിഴകളും അവസാനിച്ച് ലോകം മുന്നോട്ടുപോകണമെങ്കിൽ യുദ്ധം അവസാനിക്കണമെന്ന മുൻകൂർ വ്യവസ്ഥയുണ്ടെന്നത് വ്യക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി ജയശങ്കറും സർക്കാർ സംവിധാനങ്ങൾ മുഴുവനും തിരക്കിലാണ്. കോൺഫറൻസുകളും ഷോകളും നിറഞ്ഞ ഒരു വർഷം ഒരുക്കി ജി 20 ഉച്ചകോടിയുടെ അധ്യക്ഷപദം നമുക്ക് നൽകിയ അവസരം പൂർണ്ണമായി ഉപയോഗപ്പെടുത്താനാണ് ശ്രമം. 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഇത് ഏറെ പ്രയോജനപ്പെടും. പക്ഷേ, യുദ്ധം തുടരുകയും ആഗോള സമ്പദ് വ്യവസ്ഥ തകരുകയും ചെയ്‌താൽ ഒരു പരിധി വരെ ഇന്ത്യ ഉത്തരവാദിയാകും. ഉച്ചകോടിയുടെ നേതൃത്വം എന്ന ഭാരം ഇല്ലാതെ ചൈന അവരുടെ നീക്കങ്ങൾ തുടരുകയും ചെയ്യും.
ഇത് ഇന്ത്യക്ക് ലഭിച്ച മികച്ച് അവസരമാണ്, അതോടൊപ്പം 2023 വലിയൊരു വെല്ലുവിളിയുമാണ്.
