Asianet News MalayalamAsianet News Malayalam

ഗോതമ്പുപൊടി കിട്ടാനില്ല; അസാധാരണ പ്രതിസന്ധി നേരിട്ട് പാകിസ്ഥാന്‍

ഭക്ഷണമുണ്ടാക്കാനായി പാകിസ്ഥാനില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഗോതമ്പുപൊടിക്ക് നാല് പ്രവശ്യകളിലും ക്ഷാമം നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബലൂചിസ്ഥാന്‍, സിന്ധ്, പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍വാ എന്നീ നാല് പ്രവശ്യകളെയും ക്ഷാമം ബാധിച്ചിട്ടുണ്ട്

wheat flour vanishes from market crisis in pakistan
Author
Lahore, First Published Jan 21, 2020, 7:39 PM IST

ലാഹോര്‍: ഗോതമ്പുപൊടിക്ക് ക്ഷാമം നേരിട്ടതോടെ പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി. ഭക്ഷണമുണ്ടാക്കാനായി പാകിസ്ഥാനില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഗോതമ്പുപൊടിക്ക് നാല് പ്രവശ്യകളിലും ക്ഷാമം നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബലൂചിസ്ഥാന്‍, സിന്ധ്, പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍വാ എന്നീ നാല് പ്രവശ്യകളെയും ക്ഷാമം ബാധിച്ചിട്ടുണ്ട്.

സര്‍ക്കാരുകള്‍ തമ്മില്‍ ഗോതമ്പുപൊടിയുടെ ക്ഷാമത്തെ ചൊല്ലി കൊമ്പ് കോര്‍ക്കുമ്പോള്‍ ചപ്പാത്തിക്കും നാനിനുമായി ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ദിവസവുമുള്ള ആഹാരത്തിനായി ഇപ്പോള്‍ അരിയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനില്‍ ഗോതമ്പ് പൊടിക്ക് ക്ഷാമം നേരിട്ടിരുന്നു.

എന്നാല്‍, വിലക്കയറ്റത്തിനെതിരെയും പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രവശ്യ സര്‍ക്കാരുകളോട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് ക്ഷാമം കടുത്തതെന്ന് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനില്‍ ഏറെ പ്രസിദ്ധമായ നാനുകള്‍ വില്‍ക്കുന്ന കടകള്‍ അടച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് ഇവരുടെ അസോസിയേഷന്‍ പ്രാദേശിക, ഫെഡറല്‍ വ്യത്യാസമില്ലാതെ സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.  

ഖൈബര്‍ പഖ്തൂണ്‍വായിലാണ് ഗോതമ്പുപൊടി ക്ഷാമം ഏറ്റവുമധികം ബാധിച്ചത്. ഇവിടെ നാനുകള്‍ വില്‍ക്കുന്ന ഏകദേശം 2500 കടകളാണ് പൂട്ടിയത്. സിന്ധില്‍ പ്രവശ്യ സര്‍ക്കാര്‍ കിലോയ്ക്ക് 43 രൂപ എന്ന നിരക്കില്‍ ഗോതമ്പുപൊടി വില്‍ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇമ്രാന്‍ ഖാന്‍റെ  തെഹ്‌രിക് -ഇ- ഇന്‍സാഫ് പാര്‍ട്ടി ക്ഷാമത്തിന് കാരണം പഞ്ചാബ്, സിന്ധ് പ്രവശ്യയിലെ സര്‍ക്കാരുകളാണെന്നാണ് കുറ്റപ്പെടുത്തുന്നത്.

എന്നാല്‍, ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെടല്‍ നടത്താത്തതാണ് കാരണമെന്നാണ് പ്രവശ്യ സര്‍ക്കാരുകള്‍ തിരിച്ചടിക്കുന്നത്. സിന്ധില്‍ മാര്‍ച്ച് 20ഓടെയും പഞ്ചാബില്‍ ഏപ്രില്‍ 15ഓടെയും പുതിയ ഗോതമ്പ് വിള എത്തുന്നതോടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പാകിസ്ഥാനിലെ ദേശീയ ഭക്ഷണ സുരക്ഷ വിഭാഗം അധികൃതര്‍ വിശദീകരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനിലേക്ക് 40,000 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളാണ് ആരോപിക്കുന്നത്.

Follow Us:
Download App:
  • android
  • ios