സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായും ഉപേക്ഷിച്ചാൽ പോലും ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഒന്നുകിൽ തങ്ങളുടെ കർശന വ്യവസ്ഥകൾ അംഗീകരിക്കുക, അല്ലെങ്കിൽ മറ്റ് രീതിയിൽ ദൗത്യം പൂർത്തിയാക്കേണ്ടി വരുമെന്നും അദ്ദേഹം ഇറാനു മുന്നറിയിപ്പ് നൽകി.

വാഷിംഗ്ടൺ: ഇറാൻ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായും ഉപേക്ഷിക്കാൻ തയ്യാറായാൽ പോലും രാജ്യത്തിന് മേൽ ചുമത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങളിൽ യാതൊരുവിധ ഇളവും നൽകില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ടെഹ്‌റാനുമായി നിലവിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ കർശനമായ നിലപാടുകളിൽ നേരിയ വിട്ടുവീഴ്ചയ്ക്ക് പോലും വാഷിംഗ്ടൺ തയ്യാറല്ലെന്ന വ്യക്തമായ സൂചനയാണ് ട്രംപിന്‍റെ ഈ പുതിയ പ്രസ്താവന നൽകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുധനാഴ്ച പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'പിബിഎസ് ന്യൂസിന്' നൽകിയ ഹ്രസ്വമായ ഫോൺ അഭിമുഖത്തിലാണ് ട്രംപ് അമേരിക്കയുടെ നയം വ്യക്തമാക്കിയത്. ആണവ കരാറിന്റെ ഭാഗമായി ഇറാൻ യുറേനിയം കൈമാറിയാൽ അവർക്കെതിരെയുള്ള കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ നീക്കുമോ എന്ന ചോദ്യത്തിന്, "ഇല്ല, ഒരിക്കലുമില്ല, ഉപരോധങ്ങളിൽ യാതൊരു ഇളവും നൽകാൻ പോകുന്നില്ല" എന്ന് ട്രംപ് തറപ്പിച്ചു പറഞ്ഞു. ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കേണ്ടത് ഉപരോധങ്ങൾ നീക്കാനുള്ള പ്രതിഫലമായിട്ടല്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ഇതിന് പിന്നാലെ വൈറ്റ് ഹൗസിൽ നടന്ന കാബിനറ്റ് യോഗത്തിലും ട്രംപ് ഈ വിഷയം ഉന്നയിച്ചു. അമേരിക്കയുമായി ഒരു കരാറിലെത്താൻ ഇറാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും, നിലവിലെ ചർച്ചകളിൽ അമേരിക്ക പൂർണ്ണ തൃപ്തരല്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒന്നുകിൽ ഇറാൻ തങ്ങളുടെ കർശന വ്യവസ്ഥകൾ പൂർണ്ണമായി അംഗീകരിക്കണം, അല്ലെങ്കിൽ മറ്റ് രീതിയിൽ തങ്ങൾക്ക് ഈ ദൗത്യം പൂർത്തിയാക്കേണ്ടി വരുമെന്ന കടുത്ത മുന്നറിയിപ്പും ട്രംപ് നൽകി.

അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ ഇതുവരെ ഒരു അന്തിമ കരാറിലെത്തിയിട്ടില്ല. വാണിജ്യ കപ്പലുകൾക്ക് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സർവീസ് 30 ദിവസത്തിനകം പുനഃസ്ഥാപിക്കാമെന്നും, പകരം മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കണമെന്നുമുള്ള പുതിയൊരു സമാധാന നിർദ്ദേശത്തിന്റെ കരട് രേഖ ഇറാൻ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ടിരുന്നു. എന്നാൽ, മണിക്കൂറുകൾക്കകം ഈ റിപ്പോർട്ട് പൂർണ്ണമായും വ്യാജമാണെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് തള്ളിപ്പറഞ്ഞു. ചർച്ചകളിൽ വൻ വിജയമുണ്ടാക്കിയെന്ന് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചേക്കുമെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസ് അവകാശപ്പെട്ടെങ്കിലും, പ്രധാന തർക്കവിഷയങ്ങളിൽ ഇപ്പോഴും ഭിന്നത തുടരുകയാണെന്ന് ടെഹ്‌റാന്‍റെ ചർച്ചാ സംഘത്തിലെ ഒരംഗം വ്യക്തമാക്കി.

ഇറാൻ ചർച്ചകൾക്കൊപ്പം തന്നെ, അറബ് രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന 'അബ്രഹാം ഉടമ്പടി' ശക്തമാക്കാനും ട്രംപ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ, സൗദിയും ഖത്തറും ഉൾപ്പെടെയുള്ള പ്രമുഖ മുസ്ലീം രാജ്യങ്ങൾ ഈ കരാറിന്റെ ഭാഗമാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പലസ്തീൻ പ്രശ്നത്തിന് വ്യക്തമായ പരിഹാരമില്ലാതെ സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ എന്തിന് ഈ കരാറിനെ പിന്തുണയ്ക്കണം എന്ന ചോദ്യത്തിന്, "കാരണം ഇത് സൗദി അറേബ്യയ്ക്ക് ഏറ്റവും മികച്ചതാണ്" എന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കൻ ഭരണകൂടത്തിൽ നിന്ന് പലപ്പോഴും സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവരുന്നതെങ്കിലും, ചർച്ചകളിൽ ചെറിയ രീതിയിലുള്ള പുരോഗതിയുണ്ടെന്നും വരും ദിവസങ്ങളിൽ ഇതിൽ കൂടുതൽ വ്യക്തത വരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.