ഇരുപത് വർഷത്തെ സൗദി ജയിൽ വാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി ഇന്ന് നാട്ടിലെത്തും. ദിയാധനം നൽകി വധശിക്ഷയിൽ നിന്ന് ഒഴിവായ റഹീം, ശേഷിച്ച തടവ് ശിക്ഷ പൂർത്തിയാക്കിയാണ് കോഴിക്കോട്ടേക്ക് മടങ്ങുന്നത്.

റിയാദ്: ഇരുപത് വർഷക്കാലത്തെ ജയിൽ വാസത്തിന് ശേഷം അബ്‍ദുൽ റഹീം മോചിതനായി ഇന്ന് നാട്ടിലെത്തും. സൗദി സമയം രാത്രി 11.55 ന് റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ രാവിലെ 7.35ന് കരിപ്പൂർ വിമാനത്താവളത്തിറങ്ങും. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ സൗദി എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. റഹീമിന്‍റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യന്നുണ്ടെന്നും സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അബ്‍ദുൽ റഹീമിന്‍റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നൽകിയത്.