മിനിയാപൊളിസിൽ ഇമിഗ്രേഷൻ റെയ്ഡിനിടെ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് നഴ്സായ അലക്സ് പ്രെറ്റി കൊല്ലപ്പെട്ട സംഭവത്തിൽ വൈറ്റ് ഹൗസ് ഖേദം പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥർ സ്വയരക്ഷാർത്ഥമാണ് വെടിവെച്ചതെന്ന വാദത്തെ സർക്കാർ പിന്തുണച്ചു
വാഷിംഗ്ടൺ: അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ റെയ്ഡിനിടെ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് നഴ്സായ അലക്സ് പ്രെറ്റി കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി വൈറ്റ് ഹൗസ്. ഖേദകരമായ കാര്യമാണുണ്ടായതെന്നും ആരെയും കൊല്ലാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു. ഫെഡറൽ ഏജന്റുമാർക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പ്രതികരണം.
അക്രമകാരികളായ ക്രിമിനലുകളെ പിടികൂടാനാണ് ഇമിഗ്രേഷൻ വിഭാഗം പരിശോധന നടത്തുന്നതെന്നും നിർഭാഗ്യകരമായ സാഹചര്യത്തിലാണ് വെടിവെപ്പ് ഉണ്ടായതെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണി ഉണ്ടായപ്പോൾ സ്വയരക്ഷാർത്ഥമാണ് വെടിവെച്ചതെന്ന എഫ്ബിഐ വാദത്തെ പിന്തുണച്ചും അംഗീകരിച്ചുമാണ് വൈറ്റ് ഹൗസ് പ്രതികരണം. ഒരു ജീവൻ നഷ്ടപ്പെട്ടതിൽ പ്രസിഡന്റിന് ഖേദമുണ്ടെന്നും വൈറ്റ് ഹൌസ് കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ കർക്കശമായ ഇമിഗ്രേഷൻ നയങ്ങളാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായതെന്ന് ഡെമോക്രാറ്റിക് നേതാക്കൾ ആരോപിച്ചു. കൊല്ലപ്പെട്ട അലക്സ് പ്രെറ്റി ഒരു സാധാരണ ആരോഗ്യ പ്രവർത്തകനായിരുന്നുവെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങളാണ് മിനസോട്ടയിൽ നടക്കുന്നത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
മിനിയാപൊളിസിലെ വെറ്ററൻസ് അഫയേഴ്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗം (ICU) നഴ്സായി ജോലി ചെയ്തിരുന്ന അലക്സ് പ്രെറ്റിയാണ് കൊല്ലപ്പെട്ടത്. ഇയാൾ ഒരു അമേരിക്കൻ പൗരനാണ്. വീഡിയോ ദൃശ്യങ്ങളിൽ പ്രെറ്റിയുടെ കയ്യിൽ തോക്കിന് പകരം മൊബൈൽ ഫോൺ മാത്രമായിരുന്നു കാണുന്നത്. ഒരു സ്ത്രീയെ പെപ്പർ സ്പ്രേ പ്രയോഗത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫെഡറൽ ഏജന്റുമാർ ഇയാളെ വളഞ്ഞിട്ട് ആക്രമിച്ചതെന്നും വെടിവെച്ചതെന്നും ദൃക്സാക്ഷികളും വീഡിയോകളും സൂചിപ്പിക്കുന്നു.


