2024ൽ ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്കയിൽ വലിയ സ്വാധീനമുള്ള വ്യക്തിയായി കിർക്ക്. വൈറ്റ് ഹൗസിലെ സ്ഥിരം ഗസ്റ്റായി. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന മാഗാ പ്രസ്ഥാനത്തിന്റെ പ്രധാന വക്താവായിരുന്നു ഇദ്ദേഹം.
തീവ്ര വലതുപക്ഷ വക്താക്കളില്‍ പ്രധാനി. അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഭാവിമുഖം, ഭാവി അമേരിക്കൻ പ്രസിഡന്റ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ. വ്യാഴാഴ്ച യൂട്ടാവാലി സർവകലാശാലയിൽവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാർളി കിർക്കിന് വിശേഷണങ്ങൾ ഏറെയാണ്. അമേരിക്കയിൽ ഇത്രയധികം സ്വാധീനമുണ്ടായിരുന്ന 31 കാരനായ ചാർളി കിർക്കിനെക്കുറിച്ച് വിശദമായി നോക്കാം.
കടുത്ത യാഥാസ്ഥിതിക- വലത് ആശയങ്ങളുടെ വക്താവായിരുന്നു ചാർളി കിർക്ക്. ടീനേജ് കൺസർവേറ്റീവ് ആക്ടിവിസ്റ്റായിട്ടായിരുന്നു തുടക്കം. 18-ാം വയസിൽ കൺസർവേറ്റീവ് ആശയ പ്രചാരണങ്ങൾക്കായി കിർക്ക് തുടങ്ങിയ ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയ്ക്ക് അമേരിക്കൻ ക്യാമ്പസുകളിൽ വൻ സ്വീകാര്യതയുണ്ട്. കുടിയേറ്റം, അബോർഷൻ റൈറ്റ്സ് തുടങ്ങിയവയ്ക്കെതിരെ ശക്തമായി നിലകൊണ്ട കിർക്ക് തന്റെ അതേ ആശയങ്ങളാണ് ടേണിങ് പോയിന്റ് യുഎസ്എയിലൂടെയും പ്രചരിപ്പിച്ചതും. സംഘടനയുടെ എല്ലാ മാസവുമുള്ള ദ ചാർളി കിർക്ക് ഷോ എന്ന പോഡ്കാസ്റ്റിന് വൻ പ്രചാരമുണ്ട്. പോഡ്കാസ്റ്റർ, ട്രംപിന്റെ വലംകൈ, വലതുപക്ഷ പ്രഭാഷകൻ തുടങ്ങിയ വിശേഷണങ്ങളിലേക്ക് കിർക്ക് അതിവേഗം നടന്നടുത്തു.
റിപബ്ലിക്കൻ പാർട്ടിയുമായി ചേർന്നായിരുന്നു ടേണിങ് പോയിന്റിന്റെ വളർച്ച. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കിർക്ക് നിരന്തരം യുവാക്കളുമായി സംവദിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയത്തിൽ കിർക്കിനും പോഡ്കാറ്റുകൾക്കും വലിയ പങ്കുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ട്രംപിനുവേണ്ടി കിർക്ക് നടത്തിയ ക്യാമ്പസ് സന്ദർശനങ്ങൾ യുവ വോട്ടർമാരെ ഇളക്കിമറിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
2024ൽ ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്കയിൽ വലിയ സ്വാധീനമുള്ള വ്യക്തിയായി കിർക്ക്. വൈറ്റ് ഹൗസിലെ സ്ഥിരം ഗസ്റ്റായി. ഗ്രീൻലാന്റിനെ പുതിയ സംസ്ഥാനമാക്കി മാറ്റുന്നതിലടക്കം ഇടപെട്ടു. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന മാഗാ പ്രസ്ഥാനത്തിന്റെ പ്രധാന വക്താവായിരുന്നു ഇദ്ദേഹം. ഡിജിറ്റൽ യുഗത്തിൽ അമേരിക്കയിൽ വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ പ്രധാനിയായിരുന്നു. ക്രിസ്ത്യൻ നാഷണലിസം, ഫ്രീ മാർക്കറ്റ്, കുടുംബം തുടങ്ങിയവയായിരുന്നു കിർക്കിന്റെ പ്രധാന ടോപിക്കുകൾ.
അതേസമയം തന്നെ, കിർക്കിന്റെ തീവ്ര വലതുപക്ഷ ആശയങ്ങൾ പലപ്പോഴും വലിയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. തോക്ക് നിരോധനത്തിന് എതിരെയുള്ള നിലപാട്, എൽജിബിടിക്യു- ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള വിയോജിപ്പ് തുടങ്ങിയവമായിരുന്നു കിർക്കിന്റെയും പോഡ്കാസ്റ്റുകളുടെയും മുഖമുദ്ര. ഇവയെല്ലാം വിവാദങ്ങൾക്ക് വഴിവെച്ചു. മാര്‍ട്ടിന്‍ ലൂഥർ കിങിനെ വിമർശിച്ചതും വിവാദമായി. ഡെമോക്രാറ്റുകളോട് ഇടയുന്നതും പുരോഗമന ആശയങ്ങളെ പാടെ എതിർക്കുന്നതും കിർക്കിന്റെ പതിവ് രീതിയായിരുന്നു.
ട്രംപിന് ശേഷം റിപബ്ലിക്കൻ പാർട്ടിയുടെ മുഖമായും അമേരിക്കൻ പ്രസിഡന്റായിപ്പോലും നിയമിതനായേക്കും എന്ന് കരുതപ്പെട്ടിരുന്ന വ്യക്തിയായിരുന്നു കിർക്ക്. അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം ഉണ്ടായത്. ഏറെ പ്രിയപ്പെട്ടയാളെയാണ് നഷ്ടപ്പെട്ടത് എന്നാണ് കിർക്കിന്റെ വിയോഗം അറിയിച്ചുകൊണ്ട് ട്രംപ് പറഞ്ഞത്. അമേരിക്കൻ കംബാക്ക് ടൂർ എന്ന ക്യാമ്പയിന്റെ ആദ്യ പ്രഭാഷണത്തിനായിരുന്നു ചാർശി കിർക്ക് യൂട്ടാവാലി യൂണിവേഴ്സിറ്റിയിലെത്തിയത്. കിർക്കിന്റെ ട്രാൻസ്ജെൻഡർ വിരുദ്ധ പരാമർശങ്ങളാണ് വെടിവെപ്പിന് പിന്നിലെന്നാണ് ചിലർ പറയുന്നത്. പക്ഷേ, ഇക്കാര്യത്തിലൊന്നും നിലവിൽ വ്യക്തതകളൊന്നും വന്നിട്ടില്ല.

