ലോസ് ആഞ്ചലെസ് മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജയും. കേരളത്തിൽ തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച നിത്യ രാമൻ ആണ് ഡെമോക്രാറ്റിക് പാ‍ർട്ടിക്കായി മത്സരരം​ഗത്ത് ഉള്ളത്. 44കാരിയായ നിത്യ രാമൻ അമേരിക്കൻ നഗരാസൂത്രണ വിദഗ്ധ ആണ്. 

ലോസ് ആഞ്ചലെസ്: അമേരിക്കയിലെ ലോസ് ആഞ്ചലെസിൽ ഈ വർഷം നവംബറിൽ നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടാൻ ഇന്ത്യൻ വംശജയും. 44കാരിയായ നിത്യ രാമൻ ആണ് ഡെമോക്രാറ്റിക് പാർട്ടിക്കായി മത്സരരംഗത്ത് ഉള്ളത്. അമേരിക്കൻ നഗരാസൂത്രണ വിദഗ്ധയായ നിത്യ രാമൻ, പ്രൈമറി തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി സ്പെൻസർ പ്രാറ്റിനെ പിന്തള്ളി രണ്ടാമതെത്തി. ഇതോടെ മേയർ സ്ഥാനത്തുള്ള കാരൺ ബാസും നിത്യ രാമനും തമ്മിലായിരിക്കും പോരാട്ടം നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ വർഷം നടന്ന ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്രാൻ മംദാനി വിജയിച്ചിരുന്നു. നിത്യ രാമൻ്റെ മത്സരത്തോടെ, ഇന്ത്യൻ വേരുള്ള മറ്റൊരാൾ കൂടി അമേരിക്കൻ നഗരത്തിൻ്റെ തലപ്പത്തേക്ക് എത്തുമോ എന്നാണ് ഉദ്വേഗം. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് കാലിഫോർണിയയിലുള്ള ലോസ് ആഞ്ചലെസ്.

പ്രൈമറി തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെണ്ണലിൽ നിത്യ രാമൻ പിന്നിൽ പോയിരുന്നെങ്കിലും പിന്നീടാണ് സ്പെൻസർ പ്രാറ്റിനെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞത്. ഇതുവരെ ഉള്ള കണക്കുകൾ പ്രകാരം, കാരൻ ബാസിന് 34.3 ശതമാനം വോട്ടും നിത്യ രാമന് 28.6 ശതമാനം വോട്ടും സ്പെൻസർ പ്രാറ്റിന് 25.8 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഒരു സ്ഥാനാ‍ർഥിക്കും 50 ശതമാനം വോട്ടിന് മുകളിൽ നേടാൻ കഴിയാതെ വന്നതോടെ ആണ് നവംബറിൽ റൺ - ഓഫ് തെരഞ്ഞെടുപ്പ് നടക്കുക.

പ്രൈമറിയിൽ മുന്നേറ്റം നടത്താൻ കഴിഞ്ഞതിന് പിന്നാലെ പ്രചാരണത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് അടക്കം നന്ദി അറിയിച്ച് നിത്യ രാമൻ രംഗത്തെത്തി. താങ്ങാനാവുന്ന നിരക്കിലുള്ള ഭവന സൗകര്യങ്ങൾ വർധിപ്പിക്കും, വാടകക്കാർക്ക് സംരക്ഷണം ഉറപ്പാക്കും, ഭവനരഹിതരായവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്നിങ്ങനെ വിവിധ വാഗ്ദാനങ്ങൾ നിത്യ മുന്നോട്ടുവെച്ചിട്ടുണ്ട്.

കേരളത്തിൽ തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച നിത്യ രാമൻ ആറാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം 22-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ലഭിച്ചു. ഹാർവാർഡ് സർവകലാശാലയിൽ നിന്നും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ന​ഗരാസൂത്രത്തിൽ ബിരുദ​മുള്ള നിത്യ ദില്ലിയിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ലോസ് ആഞ്ചലെസ് സിറ്റി കൗൺസിലിൽ ഡിസ്ട്രിക്റ്റ് 4 പ്രതിനിധിയാണ്. കൗൺസിലിൽ വിവിധ കമ്മിറ്റികളിൽ അം​ഗമാണ് നിത്യ. ഭ‍ർത്താവ് വല്ലി ചന്ദ്രശേഖരനും ഇരട്ടകളായ മക്കൾക്കുമൊപ്പം കാലിഫോർണിയയിലെ സിൽവർ ലേക്കിലാണ് താമസം. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് നിത്യ ചെന്നൈയിൽ താമസിച്ചു വിവിധ സാമൂ​​​ഹ്യ പ്രവ‍ർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.