ലോസ്ആഞ്ചലസ്: സൂപ്പർമാർക്കറ്റിനുള്ളിൽ കയറി 1.37 ലക്ഷം രൂപ  വില വരുന്ന പലചരക്ക് സാധനങ്ങളിലും മറ്റ് അവശ്യവസ്തുക്കളിലും നക്കിയ കാലിഫോർണിയ സ്വദേശിനിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ കാലിഫോർണിയയിൽ ബുധനാഴ്ചയാണ് സംഭവം. കസ്റ്റമർ പലചരക്ക് സാധനങ്ങളിലെല്ലാം നക്കുന്നു എന്ന് കടയിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു എന്ന് സൗത്ത് ലേക്ക് ടഹോ പോലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ക്രിസ് ഫിയോർ പറഞ്ഞു. കൊറോണ വൈറസ് വ്യാപനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ത്രീയുടെ പ്രവർത്തി വളരെയധികം പരിഭ്രാന്തിക്കിടയാക്കി. 

കാലിഫോർണിയ സ്വദേശിനിയായ ജെന്നിഫർ വാക്കർ (53) എന്ന സ്ത്രീയാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കടയിലെ ആഭരണങ്ങളിലും ഇവർ നക്കിയെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. മാംസവും മദ്യവുമുൾപ്പെടെയുള്ള വസ്തുക്കൾ ഇവർ കാർട്ടിനുള്ളിൽ എടുത്തു വച്ചിരുന്നു. എന്നാൽ പണമില്ലാത്തതിനാൽ ഇവർ ഒന്നും വാങ്ങിയില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. ഇവർ സ്പർശിക്കുകയും നക്കുകയും ചെയ്ത സാധനങ്ങളത്രയും കടയുടമ നശിപ്പിച്ചു. ​ഗുരുതരമായ നാശനഷ്ടം വരുത്തിയതിന്റെ പേരിലാണ് ജെന്നിഫറെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. അമേരിക്കയിൽ നാല് ലക്ഷം പേർ കൊറോണ ബാധിതരാകുകയും 1400 ലധികം പേർ മരിക്കുകയും ചെയ്തു.