ടോക്കിയോ: ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ നിന്ന് പുറത്തിറങ്ങിയ സ്ത്രീക്ക് കൊറോണ സ്ഥിരീകരിച്ചു. പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇവരെ ആദ്യം വിട്ടയച്ചത്. കപ്പലില്‍ നിന്നിറങ്ങി ബുധനാഴ്ച ജപ്പാനിലെ ടോച്ചിഗിയിലെ വീട്ടിലേക്ക് പോയ 60 വയസ് പ്രായമുള്ള ഇവര്‍ക്ക് കൊറോണ വൈറസ് ബാധയേറ്റിരിന്നുവെന്ന് പിന്നീടാണ് കണ്ടെത്തിയത്. കടുത്ത പനിയെ തുടർന്ന് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീക്ക് ശനിയാഴ്ചയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കപ്പലിൽ നിന്നിറങ്ങിയ ജപ്പാൻക്കാരിൽ ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്ന സ്ത്രീയാണിവർ. ബുധനാഴ്ച ഈ സ്ത്രീ ഉള്‍പ്പടെ 100 പേരാണ് കപ്പലില്‍നിന്ന് പുറത്തിറങ്ങിയത്. ഇതില്‍  23 പേർ ശരിയായ പരിശോധനകള്‍ കൂടാതെയാണ് പുറത്തുപോയതെന്ന് റിപ്പോർട്ടുകളുണ്ട്.  ഇവർ രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരാണെന്നാണ് സൂചന. ഇവരില്‍ ഭൂരിഭാഗവും ജാപ്പനീസ് പൗരന്‍മാരാണ്. 

കപ്പലില്‍നിന്ന് പുറത്തിറങ്ങിയ മറ്റ് വിദേശ രാജ്യങ്ങളിലെ പൗരന്‍മാര്‍ സ്വന്തം രാജ്യത്ത് നിന്നുള്ള വിമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കപ്പലില്‍ നിന്ന് മടങ്ങുന്നവര്‍ അവരുടെ നാടുകളില്‍ 14 ദിവസം നിരീക്ഷണത്തില്‍ തുടരണമെന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഈയാഴ്‍‍ച മാത്രം 970 പേരാണ് കപ്പലില്‍ നിന്ന് ഇറങ്ങിയതെന്ന് ജാപ്പനീസ് വാര്‍ത്താ ഏജന്‍സി ക്യോഡോ റിപ്പോര്‍ട്ട് ചെയ്‍തു.

ഫെബ്രുവരി മൂന്ന് മുതലാണ് യോകോഹാമ തീരത്തിനടുത്ത് ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസ് പിടിച്ചിട്ടത്. കൊറോണ വൈറസ് പടർന്നതിനെ തുടർന്നായിരുന്നു കപ്പൽ തുറമുഖത്ത് തടഞ്ഞത്. യാത്രക്കാരും ജീവനക്കാരുമുൾപ്പടെ കപ്പലിലെ അറുന്നൂറിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Read More: ഡയമണ്ട് പ്രിൻസസ് കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായതായി സ്ഥിരീകരണം

അതേസമയം, വിശദപരിശോധനയ്ക്ക് വിധേയരാക്കാതെ 23 യാത്രക്കാരെ കപ്പലിൽനിന്ന് പുറത്തിറാങ്ങാൻ അനുവദിച്ചതിൽ ജപ്പാൻ ആരോഗ്യമന്ത്രി കട്‍സുനൊബു കാട്ടോ ഔദ്യോഗികമായി ക്ഷമ ചോദിച്ച് രം​ഗത്തെത്തി. പ്രവര്‍ത്തനത്തിലുണ്ടായ വീഴ്‍ചയാണ് ഇത്രയും ആളുകള്‍ ശരിയായ പരിശോധനയില്ലാതെ ഇറങ്ങാനിടയാക്കിയതെന്ന് കാട്ടോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പകര്‍ച്ചപ്പനി തടയുന്നതിനുള്ള അവിഗന്‍ എന്ന മരുന്ന് കൊറോണ രോഗികളെ ചികിത്സിക്കാനായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇത് ഫലപ്രദമാണെന്ന് കണ്ടാല്‍ കൂടുതല്‍ രോഗികളില്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരായ 1000 പേര്‍ ഇപ്പോഴും കപ്പലില്‍ തന്നെയാണുള്ളത്. അവരെ 14 ദിവസം കൂടി നിരീക്ഷിച്ച ശേഷം മാത്രമെ പുറത്തുവിടുകയുള്ളു. കപ്പലിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാല്‍ ജീവനക്കാരില്‍ പലരെയും ഐസൊലേറ്റ് ചെയ്‍തിട്ടുണ്ടായിരുന്നില്ല. രോഗം ബാധിച്ചവര്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കുമെല്ലാം ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്‍തത് ജീവനക്കാരാണ്. അതിനാല്‍ അവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കപ്പലില്‍ നിന്ന് മടങ്ങിയ 18 അമേരിക്കക്കാര്‍ക്കും ഒരു ഇസ്രായേല്‍ പൗരനും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.