അബദ്ധത്തിൽ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റ് യുവതിക്ക് സമ്മാനിച്ചത് 10.9 കോടി രൂപ. സമ്മാനം ലഭിച്ചില്ലെന്ന് തെറ്റിദ്ധരിച്ച് ഉപേക്ഷിച്ച ടിക്കറ്റ്, രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ശുചീകരണ തൊഴിലാളികളാണ് മാലിന്യത്തിൽ നിന്ന് കണ്ടെത്തി നൽകിയത്.

റോം: ചവറ്റുകുട്ടിയിൽ എറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ യുവതിക്ക് ലഭിച്ചത് 10.9 കോടി രൂപ. നഷ്ടപ്പെട്ടെന്ന് കരുതിയ ടിക്കറ്റാണ് യുവതിക്ക് സ്വപ്നസമ്മാനം നേടിക്കൊടുത്തത്. ഇറ്റലിയിലാണ് സംഭവം. 10.9 കോടി രൂപയുടെ (10 ലക്ഷം യൂറോ) ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ നിന്ന് തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഇവർ. അബദ്ധത്തിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റ് രണ്ട് ദിവസത്തെ തെരച്ചിലിനൊടുവിൽ ശുചീകരണ തൊഴിലാളികളാണ് വീണ്ടെടുത്ത് നൽകിയത്.

ദക്ഷിണ ഇറ്റലിയിലെ ബിറ്റോന്‍റോയിലുള്ള കടയിൽ വെച്ച് ടിക്കറ്റ് പരിശോധിച്ചപ്പോൾ ‘പണം നൽകാൻ സാധിക്കില്ല’ എന്ന സന്ദേശമാണ് മെഷീനിൽ തെളിഞ്ഞത്. സമ്മാനത്തുക വളരെ ഉയർന്നതാണെങ്കിൽ കടയിൽ നിന്ന് അത് നേരിട്ട് നൽകാൻ സാധിക്കാത്തതിനാലാണ് മെഷീനിൽ ഈ സന്ദേശം വരുന്നത്. എന്നാൽ ഇത് മനസ്സിലാക്കാതെ വിജയിയായ യുവതി ടിക്കറ്റ് കടയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുകയായിരുന്നു.

വർഷങ്ങളായി തനിക്ക് പ്രിയപ്പെട്ടൊരാളുമായി ബന്ധപ്പെട്ട 2, 4, 8, 10, 51 എന്നീ സ്ഥിരം നമ്പറുകളിലാണ് ഇവർ ലോട്ടറിയെടുത്തിരുന്നത്. വീട്ടിലെത്തിയ ശേഷം കുടുംബാംഗങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ നമ്പറുകൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് തിരിച്ചറിഞ്ഞത്. സന്തോഷത്തോടെ ഇവർ കടയിലേക്ക് തിരികെ ഓടിയെത്തിയെങ്കിലും, അതിനകം തന്നെ കടയിലെ മാലിന്യങ്ങൾ ശുചീകരണ തൊഴിലാളികൾ ശേഖരിച്ച് കൊണ്ടുപോയിരുന്നു. തുടർന്ന് ഇവർ പ്ര പ്രദേശത്തെ മാലിന്യ സംസ്കരണ കമ്പനിയായ 'SANB'യുടെ അഡ്മിനിസ്ട്രേറ്റർ റോബർട്ടോ നിക്കോള ടോസ്കാനോയെ സമീപിച്ചു.

‘ലോട്ടറി ടിക്കറ്റ് അടങ്ങിയ മാലിന്യം വണ്ടിയിൽ കയറ്റിപ്പോയതിനാൽ അത് തിരികെ കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എങ്കിലും ഞങ്ങൾ ആ വണ്ടിയുടെ വഴികൾ പിന്തുടർന്നു.’- ടോസ്കാനോ പറഞ്ഞു. ഒടുവിൽ ശരിയായ മാലിന്യ വണ്ടി കണ്ടെത്തി തടഞ്ഞുനിർത്താൻ അവർക്കായി. അപകടകരമായ അവശിഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനം പ്രത്യേക തിരച്ചിൽ സൗകര്യമുള്ള പ്ലാന്റിലേക്ക് മാറ്റി. ഒരു ദിവസത്തിലേറെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ആയിരക്കണക്കിന് കടലാസുകൾക്കിടയിൽ നിന്ന് ആ ഭാഗ്യ ടിക്കറ്റ് തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. ടിക്കറ്റ് കിട്ടിയ വിവരം ഫോണിലൂടെ അറിയിച്ചപ്പോൾ ടിക്കറ്റുടമ സന്തോഷം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞതായി ടോസ്കാനോ ഓർത്തെടുക്കുന്നു. പൊതുമേഖലാ സ്ഥാപനമായതിനാൽ തെരച്ചിലിനായുണ്ടായ അധികച്ചെലവുകൾ ടിക്കറ്റുടമ തന്നെ വഹിക്കണമെന്ന കരാറിലാണ് ജോലി പൂർത്തിയാക്കിയത്. എങ്കിലും 11 കോടിയോളം രൂപയുടെ സമ്മാനം തിരികെ കിട്ടിയ സന്തോഷത്തിലാണ് ഈ യുവതി.