കുവൈത്തിലെ ശൈഖ് ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. കടലിലേക്ക് ചാടിയ യുവതിയെ സുരക്ഷിതമായി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത ശേഷം അടിയന്തര മെഡിക്കൽ സംഘത്തിന് കൈമാറി.
കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബർ പാലത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ അഗ്നിശമനസേനയുടെയും സമുദ്ര രക്ഷാസേനയുടെയും അതിവേഗ ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അൽ-ജൗൺ മറൈൻ സെന്ററിലെയും ശൈഖ് ജാബർ ബ്രിഡ്ജ് മറൈൻ ഫയർ ആൻഡ് റെസ്ക്യൂ സെന്ററിലെയും രക്ഷാപ്രവർത്തക സംഘങ്ങളാണ് ചൊവ്വാഴ്ച വൈകുന്നേരം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതെന്ന് ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു.
കടലിലേക്ക് ചാടിയ യുവതിയെ സുരക്ഷിതമായി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത ശേഷം അടിയന്തര മെഡിക്കൽ സംഘത്തിന് കൈമാറി. രക്ഷപ്പെടുത്തിയ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളോ യുവതിയുടെ തിരിച്ചറിയൽ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സമയോചിതമായി ഇടപെട്ട് യുവതിയുടെ ജീവൻ രക്ഷിച്ച അഗ്നിശമന-മറൈൻ രക്ഷാപ്രവർത്തക സംഘത്തെ ജനറൽ ഫയർ ഫോഴ്‌സ് അഭിനന്ദിച്ചു.


