700 കീ.മീ എല്ലാ ദിവസവും യാത്ര ചെയ്ത് ജോലിക്ക് പോയി വരുന്ന യുവതി; എന്നിട്ടും മാസം ലാഭം, വല്ലാത്തൊരു യാത്രാക്കഥ
മലേഷ്യയിലെ എയർ ഏഷ്യയിൽ ഫിനാൻസ് ഓപ്പറേഷൻസിൽ അസിസ്റ്റന്‍റ് മാനേജരായി ജോലി ചെയ്യുകയാണ് റേച്ചൽ കൗർ

ക്വാലാലംപുർ: രാവിലെ കാറുകളിലും ബസുകളിലും മെട്രോകളിലും ഷെയർ ടാക്‌സികളിലും മറ്റ് ഗതാഗത മാർഗങ്ങളിലും കൃത്യസമയത്ത് ഓഫീസുകളിലെത്താൻ എണ്ണമറ്റ ആളുകൾ തിരക്കിട്ട് ഓടുന്ന കാഴ്ച ഒരുപാട് കണ്ടിട്ടുണ്ടാകും. എന്നാല്‍, എല്ലാ ദിവസവും അങ്ങോട്ടും ഇങ്ങോട്ടുമായി 700 കിലോ മീറ്റര്‍ യാത്ര ചെയ്ത് ജോലിക്ക് പോവുകയും വരികയും ചെയ്യുന്നുവെന്ന് കേട്ടാൽ വിശ്വസിക്കാൻ കഴിയുമോ. രണ്ട് കുട്ടികളുടെ അമ്മയായ ഇന്ത്യൻ വംശജയായ യുവതിയാണ് ഈ അസാധാരണമായ വഴിയിലൂടെ ആഴ്ചയിലെ അഞ്ച് ദിവസവും സഞ്ചരിക്കുന്നത്.
മലേഷ്യയിലെ എയർ ഏഷ്യയിൽ ഫിനാൻസ് ഓപ്പറേഷൻസിൽ അസിസ്റ്റന്‍റ് മാനേജരായി ജോലി ചെയ്യുകയാണ് റേച്ചൽ കൗർ. താൻ പുലർച്ചെ നാല് മണിക്ക് എഴുന്നേൽക്കുകയും ഒരുക്കങ്ങൾ കഴിഞ്ഞ് അഞ്ച് മണിക്ക് വീട്ടിൽ നിന്ന് പോകുകയും ചെയ്യും. പെനാംഗ് എയർപോർട്ടിലേക്ക് കാറില്‍ പോകും. അവിടെ നിന്ന് രാവിലെ 6.30 ന് ക്വാലാലംപൂരിലേക്കുള്ള വിമാനത്തിലാണ് പോകുന്നത്.
7.45 ഓടെ ഓഫീസിലെത്താൻ കഴിയുമെന്ന് റേച്ചല്‍ പറഞ്ഞു. ജോലി കഴിഞ്ഞ് രാത്രി എട്ട് മണിയോടെ വിമാനത്തില്‍ തന്നെ യാത്ര ചെയ്ത് വീട്ടിലെത്താൻ കഴിയുന്നുണ്ട്. ഗൂഗിൾ മാപ്‌സ് അനുസരിച്ച് പ്രതിദിനം 700 കിലോമീറ്ററാണ് റേച്ചല്‍ യാത്ര ചെയ്യുന്നത്. ആഴ്ചയിൽ അഞ്ച് ദിവസം വിമാനത്തില്‍ യാത്ര ചെയ്തിട്ടും മുമ്പ് ഓഫീസിനടത്ത് വാടകയ്ക്ക് താമസിക്കുന്നതിനേക്കാൾ ചെലവ് കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും റേച്ചല്‍ പറഞ്ഞു.
നേരത്തെ, വാടകയ്ക്കും മറ്റ് ചെലവുകൾക്കുമായി പ്രതിമാസം കുറഞ്ഞത് 474 ഡോളർ (ഏകദേശം 41,000 രൂപ) ചെലവഴിക്കുമായിരുന്നു. ഇപ്പോൾ, പ്രതിമാസ യാത്രാ ചെലവ് 316 ഡോളര്‍ (ഏകദേശം 27,000 രൂപ) ആയി കുറഞ്ഞു. ഇപ്പോൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാനും സമയം കിട്ടുന്നുണ്ട്. ഒപ്പം വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പാട്ട് കേൾക്കാൻ അടക്കം സമയം ലഭിക്കുന്നു. എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കുന്നത് ക്ഷീണിപ്പിക്കുന്നുണ്ടെന്നും റേച്ചല്‍ തുറന്നു പറയുന്നു. എന്നാല്‍, വീട്ടിൽ തിരിച്ചെത്തി മക്കളെ കാണുന്ന നിമിഷം ക്ഷീണമെല്ലാം പോകുമെന്നും ജീവിതം ആസ്വദിക്കാൻ കഴിയുന്നുവെന്നും റേച്ചല്‍ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
