54ാം നിലയില്‍ നിന്ന് നിലം പൊത്തിയ യുവതി 27ാം നിലയിലെ ബാല്‍ക്കണിയിലേക്കാണ് വീണത്. ഇവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കിയത്. 

ആഡംബര ഹോട്ടലിന്‍റെ റൂഫ് ടോപ്പിലുള്ള ബാറില്‍ നിന്ന് താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഹയാത്ത് സെന്‍ട്രിക് ടൈംസ് സ്ക്വയറിലെ റൂഫ് ടോപ്പിലുള്ള ബാറില്‍ നിന്നാണ് 26 കാരി താഴേയ്ക്ക് വീണത്. വ്യാഴാഴ്ചയാണ് സംഭവം. യുവതി ബാറില്‍ നിന്ന് താഴേയ്ക്ക് ചാടിയതാണോ അതോ അബദ്ധത്തില്‍ വീണതാണോയെന്നതില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല. താഴെ വീഴും മുന്‍പ് ഇവരെ പിടിക്കാന്‍ ബാറിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ദാരുണമായി മരിച്ച യുവതിയുടെ പേര് ഇനിയും പുറത്ത് വിട്ടിട്ടില്ല.

ഇവര്‍ താഴേയ്ക്ക് വീഴുന്നത് കണ്ട സംഭവ സ്ഥലത്തുണ്ടായിരുന്ന ജീവനക്കാര്‍ അതിന്‍റെ ആഘാതത്തില്‍ നിന്ന് മുക്തരായിട്ടില്ലെന്നാണ് ബാര്‍ മാനേജ്മെന്‍റ് അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ക്വീന്‍സിലെ ഹോളിസ് സ്വദേശിനിയാണ് മരിച്ചത്. 54ാം നിലയില്‍ നിന്ന് നിലം പൊത്തിയ യുവതി 27ാം നിലയിലെ ബാല്‍ക്കണിയിലേക്കാണ് വീണത്. ഇവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കിയത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിക്കുകയാണ്. ആഡംബര ഹോട്ടലില്‍ താമസിക്കുന്ന അതിഥിയല്ല ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്.

റൂഫ് ടോപ്പിലെ ബാറിന് കൈവരികള്‍ക്ക് സമീപമുള്ള പടിയില്‍ നില്‍ക്കും മുന്‍പ് ഇവര്‍ മദ്യത്തിന് ഓര്‍ഡര്‍ ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെ ഏറ്റവും ഉയരത്തിലുള്ള തുറന്ന റൂഫ് ടോപ്പ് ബാറാണ് ഇത്. അപകടത്തിന് പിന്നാലെ ബാര്‍ അടച്ചു. യുവതിയുടെ കുടുംബത്തിന് ഹയാത്ത് സെന്‍ട്രിക് അനുശോചനം അറിയിച്ചു. പൊലീസുമായി ചേര്‍ന്ന് സംഭവിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഹയാത്ത് ഹോട്ടല്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ടോം ബ്ലന്‍ഡല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.