വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 3,062,775 ആയി ഉയർന്നു. രണ്ട് ലക്ഷത്തിന് പതിനൊന്നായിരം പേ‍ർ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണവും മരണവും കുറഞ്ഞതോടെ ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്പെയിൻ, ഇറാൻ എന്നി രാജ്യങ്ങൾ ലോക്ഡൗണിൽ അയവ് വരുത്തി. ബ്രിട്ടനിൽ തുടർച്ചയായ രണ്ടാം ദിവസവും മരണ സംഖ്യ അഞ്ഞൂറിൽ താഴെയാണ്. രോഗ ബാധിതരുടെ എണ്ണവും കുറയുന്നുണ്ട്. 

ഇരുപത്തിയേഴായിരം പേർ മരിച്ച ഇറ്റലിയിൽ മെയ് നാലിന് ശേഷം ലോക്ഡൗണിൽ ഇളവ് വരുത്തിയേക്കും. അതേസമയം ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ തെരഞ്ഞെടുപ്പ് മാറ്റേണ്ട സാഹചര്യമില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറസിനോടുള്ള ചൈനയുടെ സമീപനത്തിൽ ഗൗരവമായ അന്വേഷണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു

അമേരിക്കയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മാന്നാനം സ്വദേശി സെബാസ്റ്റ്യൻ ജോസഫ് വല്ലാത്തറക്കൽ ആണ് മരിച്ചത്. 63 വയസ്സായിരുന്നു. രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പതിനൊന്ന് വർഷമായി ചിക്കാഗോയിലാണ് ജോസഫ് ജോലി ചെയ്തിരുന്നത്. അമേരിക്കയിൽ കൊവിഡ് ബാധിതരുട എണ്ണം പത്ത് ലക്ഷം കടന്നു. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ന്യുയോർക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളിൽ പുരോഗതിയുണ്ടെന്ന് ഗവർണർമാർ അറിയിച്ചു.