Asianet News MalayalamAsianet News Malayalam

ലോക ആരോഗ്യ സമ്മേളനം: കൊവിഡ് വ്യാപനത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്; ചൈന പ്രതിരോധത്തില്‍

ലോക ആരോഗ്യ സമ്മേളനത്തില്‍ കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കുമെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി. 

world health assembly: China under pressure
Author
Geneva, First Published May 8, 2020, 4:45 PM IST

ജനീവ: ലോക ആരോഗ്യ സമ്മേളനം മെയ് 17 മുതല്‍ 21 വരെ ജനീവയില്‍ നടക്കാനിരിക്കെ ചൈന പ്രതിരോധത്തില്‍. പത്ത് ദിവസത്തിന് ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ലോക ആരോഗ്യ അസംബ്ലി നടക്കുന്നത്. ചൈനയിലെ വുഹാനില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതെങ്ങനെയെന്ന് കണ്ടെത്താന്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്ന് ലോകരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടേക്കും. 

അമേരിക്കക്ക് പിന്നാലെ നിരവധി രാജ്യങ്ങള്‍ കൊവിഡ് വ്യാപനത്തില്‍ ചൈനയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അതേസമയം, ലോക ആരോഗ്യ സംഘടന ചൈനക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 

ലോക ആരോഗ്യ സംഘടന ചൈനയുടെ പി ആര്‍ ഏജന്‍സിയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ലോക ആരോഗ്യ സംഘടനക്കുള്ള ഫണ്ട് വിഹിതവും അമേരിക്ക വെട്ടിക്കുറച്ചിരുന്നു. ലോക ആരോഗ്യ സംഘടനക്കും ചൈനക്കുമെതിരെ തുടക്കം മുതലേ കടുത്ത നിലപാടാണ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും സ്വീകരിച്ചത്. 
കൊവിഡ് വ്യാപനത്തില്‍ യൂറോപ്യന്‍ കമ്മീഷനും ചൈനയുടെ പങ്ക് അന്വേഷിക്കണമന്ന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം വേണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ഡര്‍ ലെയനും ആവശ്യപ്പെട്ടിരുന്നു.

ലോക ആരോഗ്യ സമ്മേളനത്തില്‍ കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കുമെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി. കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയതോടെ സമ്മേളനത്തില്‍ ചൈന പ്രതിരോധത്തിലാകും. അമേരിക്കയുടെ വാദങ്ങളെ തള്ളിയ ചൈന ഇപ്പോഴും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. കൊറോണവൈറസ് മനുഷ്യ നിര്‍മിതമല്ലെന്ന വിദഗ്ധരുടെ വാദമാണ് ചൈനക്ക് തുണ. വുഹാനിലെ വൈറോളജി ലാബില്‍നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന് അമേരിക്കയടക്കം വിശ്വസിക്കുന്നു. ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള കടുത്ത വിമര്‍ശനങ്ങള്‍ കുറക്കാന്‍ ചൈനീസ് നയതന്ത്രജ്ഞരും നീക്കം തുടങ്ങി.  
 

Follow Us:
Download App:
  • android
  • ios