അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച എംവി ഹോണ്ടിയസ് എന്ന ആഢംബര കപ്പലിൽ ഹാന്റ വൈറസ് പടരുന്നു. മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി 

149 യാത്രക്കാരുമായി അര്‍ജന്റീനയില്‍ നിന്നും യാത്ര തിരിച്ച ആഢംബര കപ്പലിൽ എംവി ഹോണ്ടിയസിൽ ഹാന്റ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കപ്പലിലെ മൂന്ന് പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന അതീവ ജാഗ്രത നിര്‍ദേശിച്ചത്. കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇതില്‍ അഞ്ചെണ്ണം ഹാന്റവൈറസ് ആണെന്ന് സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പശ്ചിമ ആഫ്രിക്കൻ തീരത്തുള്ള എംവി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലെ യാത്രക്കാരായ മൂന്ന് പേർ ഇതിനോടകം വൈറസ് ബാധിച്ചു മരിക്കുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകമെമ്പാടും രോഗത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. എന്നാൽ കപ്പലിൽ പടർന്ന ഹാൻ്റ വൈറസ് മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഹാൻ്റ വൈറസ് കൊവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്നതല്ലെന്നും രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

പ്രധാനമായും എലികളുടെ വിസർജ്യത്തിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യമരണം സംഭവിച്ചത്. എന്നാൽ ആദ്യമരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രോഗ ബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യാതെ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ തുടർന്നതാണ് വൈറസ് വ്യാപിക്കാൻ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. ആദ്യത്തേത് "സ്വാഭാവിക മരണം" എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ ആവർത്തിച്ചു. വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കേപ് വെർഡെ തീരത്തുള്ള കപ്പൽ നിരീക്ഷണത്തിൽ തുടരുകയാണ്.

ഏപ്രില്‍ ആറിന് രോഗലക്ഷണം കാണിച്ച ഒരു യാത്രക്കാരന്‍ ഏപ്രില്‍ 11-ന് കപ്പലില്‍ വെച്ച് മരിച്ചതാണ് ആദ്യ സംഭവം. അന്ന് ഇതൊരു സാധാരണ ശ്വാസകോശ രോഗമായി കരുതിയതിനാല്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നില്ല. എന്നാല്‍ കപ്പല്‍ അടുത്ത തുറമുഖത്ത് എത്തിയ ശേഷം യാത്രക്കാരില്‍ പരിശോധന നടത്തിയപ്പോഴാണ് ഹന്റ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലും സ്വിറ്റ്സര്‍ലന്‍ഡിലും ഓരോ കേസുകള്‍ വീതം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ പൊതുജനാരോഗ്യത്തിനുള്ള റിസ്‌ക് കുറവാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ വിലയിരുത്തല്‍. ലോകാരോഗ്യ സംഘടനയുടെ ഒരു വിദഗ്ധന്‍ നിലവില്‍ കപ്പലില്‍ പ്രവേശിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിലെ ഒരു വിദഗ്ധനും സംഘത്തിലുണ്ട്. കപ്പല്‍ കാനറി ദ്വീപുകളില്‍ എത്തുന്നത് വരെ ഇവര്‍ അവിടെ തുടരും. യാത്രക്കാരുടെ ആരോഗ്യനില പരിശോധിക്കുകയും വൈറസ് പടരാനുള്ള സാധ്യതകള്‍ വിലയിരുത്തുകയുമാണ് ഇവരുടെ ലക്ഷ്യം.