2005 മുതല്‍ പാകിസ്താനില്‍ യോഗാ പരിശീലനം നല്‍കുന്നുണ്ട് ഹൈദര്‍. യോഗയെ ലോകത്തിന്‍റെ സമ്മാനമായ ഒരു കലാരൂപമെന്ന നിലയിലാണ് മുസ്ലിം സമുദായത്തിന് മുന്നില്‍ താന്‍ അവതരിപ്പിക്കുന്നതെന്നാണ് ഹൈദര്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്

ദില്ലി: പാകിസ്താനില്‍ യോഗ സജീവമാക്കാനുള്ള പ്രചാരണ പരിപാടികളില്‍ സജീവമായി യോഗി ഹൈദര്‍. പ്രകൃതിയിലേക്കുള്ള പാതയെന്ന പേരില്‍ പാകിസ്താനില്‍ യോഗ പ്രചരിപ്പിക്കുകയാണ് ബാബാ രാം ദേവിന്‍റെ ആരാധകനായ യോഗി ഹൈദര്‍. മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് കൂടി പിന്തുടരാന്‍ കഴിയുന്ന രീതിയില്‍ ഇന്ത്യന്‍ ശൈലിയില്‍ ചെറിയ മാറ്റങ്ങളോടെയാണ് യോഗി ഹൈദറിന്‍റെ യോഗ പരിശീലനം. യോഗയ്ക്ക് മതങ്ങളില്ലെന്നും ഹിന്ദുവിനും മുസ്ലിമിനും യോഗയില്‍ ഒരേ പാരമ്പര്യമാണെന്നും യോഗി ഹൈദര്‍ പറയുന്നു.

യോഗയില്‍ കലയും സയന്‍സിന്‍റേയും സമ്മേളനമാണെന്നും യോഗി ഹൈദര്‍ വിശദമാക്കുന്നു. യോഗ കിഴക്കിന്‍റെ സ്വത്താണെന്നും അതില്‍ തങ്ങള്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ടെന്നും യോഗാ പാകിസ്താന്‍ എന്ന സംരഭത്തിലൂടെ യോഗി ഹൈദര്‍ വിശദമാക്കുന്നു. ഷംഷാദ് ഹൈദര്‍ എന്നാണ് യോഗി ഹൈദറുടെ ശരിയായ പേര്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഹൈദര്‍ ജനിക്കുന്നത്. 2005 മുതല്‍ പാകിസ്താനില്‍ യോഗാ പരിശീലനം നല്‍കുന്നുണ്ട് ഹൈദര്‍. യോഗയെ ലോകത്തിന്‍റെ സമ്മാനമായ ഒരു കലാരൂപമെന്ന നിലയിലാണ് മുസ്ലിം സമുദായത്തിന് മുന്നില്‍ താന്‍ അവതരിപ്പിക്കുന്നതെന്നാണ് ഹൈദര്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.

മരുന്നുകള്‍ കൂടാതെ ഏത് അസുഖത്തിനുമുള്ള പ്രതിവിധിയാണ് യോഗയെന്നും ഹൈദര്‍ നിരീക്ഷിക്കുന്നു. യോഗാസനങ്ങള്‍ മുസ്ലിം വിശ്വാസങ്ങളെ ഖണ്ഡിക്കുന്നതല്ലെന്നും ശരിയായ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനപോലെയാണ് യോഗയെന്നും ഹൈദര്‍ പറയുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഹൈദറുടെ കീഴില്‍ പാകിസ്താനില്‍ യോഗ പരിശീലിക്കുന്നത്. സൂര്യ നമസ്കാരം അടക്കമുള്ളവ ചെയ്യുന്നതില്‍ മതപരമായ ഘടകങ്ങള്‍ വെല്ലുവിളിയല്ലെന്നും ഹൈദര്‍ പറയുന്നു.

യോഗാ ദിനാചരണത്തിന് നിരവധി പേരാണ് ഹൈദറുടെ അടുത്തെത്തിയത്. റാവല്‍പിണ്ടിയിലെ അയൂബ് പാര്‍ക്കില്‍ ഏകദേശം അമ്പതിനായിരം പേരാണ് ഹൈദറുടെ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. 500ഓളം യോഗാ അധ്യാപകരാണ് യോഗാ പാകിസ്താനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ആളുകളെ അടുത്ത് കൊണ്ടുവരാനുള്ള മികച്ച മാര്‍ഗമാണ് യോഗയെന്നും ഇന്ത്യ പാക് ബന്ധത്തിലും യോഗ നിര്‍ണായകമാവുമെന്നും ഹൈദര്‍ നിരീക്ഷിക്കുന്നു. 

ഇന്ത്യക്ക് അഭിമാന നിമിഷം: ഗിന്നസിൽ പുതിയ റെക്കോഡിട്ട് യുഎന്നിലെ യോഗ ദിനാചരണം


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player