ഷാര്‍ജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിന് ശേഷമുള്ള പുരസ്കാരദാനച്ചടങ്ങിലും താരമായത് മലയാളി താരം സഞ്ജു സാംസൺ. ആകെ വിതരണം ചെയ്ത അഞ്ച് പുരസ്കാരങ്ങളില്‍ നാലും രാജസ്ഥാനായി ഇറങ്ങിയ സഞ്ജു നേടി. മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരത്തിന് പുറമേ ഗെയിം ചേഞ്ചര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍, ഏറ്റവും കൂടുതൽ സിക്സര്‍ നേടിയ ബാറ്റ്സ്‌മാനുള്ള പുരസ്‌കാരം എന്നിവയാണ് സഞ്ജു നേടിയത്.

'തല'യ്‌ക്ക് മീതെ സഞ്ജു

ചെന്നൈക്കെതിരെ 32 പന്തില്‍ 9 സിക്സര്‍ അടക്കം 74 റൺസാണ് സഞ്ജു നേടിയത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗൾഫില്‍ മലയാളി താരത്തിന്‍റെ ബാറ്റിംഗ് വിസ്ഫോടനം. ഷാര്‍ജയിൽ സിക്സര്‍ സുൽത്താനായി നിറഞ്ഞാടിയ സഞ്ജു സാംസൺ ധോണിയുടെ തന്ത്രങ്ങള്‍ കൂടിയാണ് അതിര്‍ത്തി കടത്തിയത്. മൂന്നാമനായി ക്രീസീലെത്തിയ സഞ്ജു സാം കറനെ വിരട്ടി ചെറുതായി തുടങ്ങി. പിന്നാലെ ഇന്ത്യന്‍ താരങ്ങളായ ദീപക് ചാഹറും രവീന്ദ്ര ജഡേജയും സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു.

മുംബൈക്കെതിരെ ചെന്നൈയുടെ ബൗളിംഗ് ഹീറോയായിരുന്ന പിയൂഷ് ചൗളയെ ധോണി പന്തേൽപ്പിച്ചതോടെ സഞ്ജു ടോപ്ഗിയറിലെത്തി. ചെന്നൈക്കെതിരെ ഇതിനുമുന്‍പുള്ള ഏഴ് ഇന്നിംഗ്സില്‍ 79 റൺസ് മാത്രം നേടിയ സഞ്ജു ഇക്കുറി 19 പന്തിൽ 50 കടന്നു. ജഡേജയും ചൗളയും വീണ്ടും പന്തെടുത്തെങ്കിലും സിക്സര്‍ തന്നെ ഫലം. സെഞ്ചുറിയിലേക്കെന്ന് തോന്നിച്ചെങ്കിലും എന്‍ഗിഡിയുടെ രണ്ടാം വരവില്‍ സഞ്ജു വീണു. എങ്കിലും ഐപിഎല്‍ ചരിത്രത്തിലെ മികച്ച ഇന്നിംഗ്‌സുകളിലൊന്നിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായി. 

വിക്കറ്റിന് മുന്നിലും പിന്നിലും സൂപ്പര്‍മാനായി സഞ്ജു; ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍

സഞ്ജുവിനെ അഭിനന്ദിച്ച് കായിക മന്ത്രി ഇ.പി ജയരാജന്‍